ന്യൂഡൽഹി: സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സന്നദ്ധ സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. 2020ൽ ആഭ്യന്തരമന്ത്രാലയം രൂപവത്കരിച്ച മന്ത്രിതല സമിതി നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിദേശ സംഭാവന നിയന്ത്രണ ചട്ട (എഫ്.സി.ആർ.എ) ലൈസൻസുകൾ റദ്ദാക്കിയത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോഴുള്ള രേഖകളിലെ കൃത്രിമം, ഫണ്ട് ദുരുപയോഗം, ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് പണം സ്വീകരിക്കുമ്പോഴുള്ള കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റിനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചതായി ബി.ജെ.പി ആരോപിച്ചിരുന്നു.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇരു സംഘടനകളുടെയും ചെയർപേഴ്സൻ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി. ചിദംബരം, കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, മൊണ്ടേക് സിങ് അഹ് ലുവാലിയ, സുമൻ ദുബെ, അശോക് ഗാംഗുലി എന്നിവരാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റിമാർ. 1991ൽ സ്ഥാപിതമായ ഫൗണ്ടേഷൻ വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര സാങ്കേതിക, സ്ത്രീകളും കുട്ടികളും, വികലാംഗ പിന്തുണ മേഖലകളിലാണ് പ്രവർത്തിച്ചിരുന്നത്.
രാഹുൽ ഗാന്ധി, അശോക് ഗാംഗുലി, ബൻസി മേത്ത, ദീപ് ജോഷി എന്നിവരാണ് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റിമാർ. രാജ്യത്തെ അധഃസ്ഥിതരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ട് 2002ലാണ് ഇത് സ്ഥാപിതമായത്.
രാജ്യത്തെ 6003 സന്നദ്ധ സംഘടനകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഇതിനകം റദ്ദായിട്ടുണ്ട്. രാജ്യത്ത് വിദേശഫണ്ട് സ്വീകരിച്ച് 22,832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സ് റദ്ദായ സംഘടനകള്‍ക്ക് അപ്പീൽ നല്‍കാം.
നൊബേൽ ജേതാവായ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിവസം വിദേശ സംഭാവന വിലക്ക് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നീക്കി. ലൈസൻസ് പുതുക്കാൻ നൽകിയ അപേക്ഷ കേന്ദ്രം നിരസിക്കുകയായിരുന്നു. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.