ന്യൂഡൽഹി: ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിതെളിച്ച പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേന്ദ്രസർക്കാർ മാർച്ച് ആദ്യവാരം നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമാണ് വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പ് നിയമം നടപ്പാക്കുമെന്നാണ് സൂചന.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം 2019ൽ പാർലമെന്റ് പാസാക്കിയിരുന്നു.
2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. കോവിഡ് മഹാമാരിയും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി. നിയമപ്രകാരം 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
സി.എ.എക്ക് തൊട്ടുമുമ്പ് അവതരിപ്പിച്ച നാഷനൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ.ആർ.സി), നാഷനൽ പോപുലേഷൻ രജിസ്റ്റർ (എൻ.പി.ആർ) എന്നിവയും പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ചു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 30 ജില്ല മജിസ്ട്രേറ്റുമാർക്കും ഒമ്പത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും, പരിശോധനകൾക്കുശേഷം പൗരത്വം നൽകാൻ അധികാരം നൽകിയിട്ടുണ്ട്. നിയമം നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് മറികടക്കാനാണ് നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സി.എ.എ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. സി.എ.എക്കെതിരെ മുസ്ലിം ലീഗ് അടക്കം നൽകിയ ഹരജികൾ സുപ്രീംകോടതി പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.