rahul gandhi 0980980

രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം; തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നാല് ആഴ്ച സമയം അനുവദിച്ച് അലഹബാദ് ഹൈകോടതി

ന്യൂഡൽഹി: കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നാല് ആഴ്ച സമയം നൽകി അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ച്. രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വർഷങ്ങളായി ഉയർന്നുവരുന്നുണ്ട്.

കർണാടകയിൽ നിന്നുള്ള വിഘ്നേഷ് ശിശിർ എന്ന അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിലാണ് ഇപ്പോഴത്തെ കേസ്. ഹരജിയിൽ പറയുന്നതനുസരിച്ച് രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം കൈവശം വച്ചിട്ടുണ്ടെന്നാണ് ആരോപണം. കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചിരുന്നു.

തന്റെ അവകാശവാദത്തെ ഉറപ്പിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാരിൽ നിന്ന് രഹസ്യ ഇ-മെയിലുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'രാഹുൽ ഗാന്ധി അവരുടെ പൗരത്വ രേഖകളിൽ ഉണ്ടെന്ന് യു.കെ സർക്കാരിൽ നിന്ന് ഞങ്ങൾക്ക് നേരിട്ട് അറിയിപ്പ് ലഭിച്ചു. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഇന്ത്യൻ നിയമപ്രകാരം ഇരട്ട പൗരത്വം അനുവദനീയമല്ല. ഒരാൾ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാൽ, ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെടും.' അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2019-ൽ തന്നെ ഹരജി സമർപ്പിച്ചിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അശോക് പാണ്ഡെ പറഞ്ഞു. നേരത്തെ നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെത്തുടർന്ന് ഹരജിക്കാരൻ കൂടുതൽ അന്വേഷണങ്ങൾ നടത്തി പുതിയ വിവരങ്ങൾ നേടിയെന്നും പൊതുതാൽപര്യ ഹരജിയിൽ പരാമർശിച്ചു.

തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുൽ ഇന്ത്യക്കാരനാണെന്നും ഇവിടെ ജനിച്ചു വളർന്നയാളാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

Tags:    
News Summary - Centre Given 4 Weeks To Decide On Rahul Gandhi's Dual Citizenship Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.