ന്യുഡൽഹി: ബഹിരാകാശ ഗവേഷണം വർധിപ്പിക്കുന്നതിന് രാജ്യത്ത് കൂടുതൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. നിലവിലുള്ള സ്പേസ് ടെക്നോളജി ഇൻകുബേഷൻ സെന്റർ, ബഹിരാകാശ റീജിയണൽ അക്കാദമിക് സെന്റർ എന്നിവക്ക് പ്രതിവർഷം പരമാവധി 200 ലക്ഷം രൂപ ഗ്രാന്റ് നൽകാറുണ്ടെന്നും പുതിയ സെല്ലുകളിലും ഇതേ മാർഗനിർദ്ദേശങ്ങൾ തുടരുമെന്നും സിങ് കൂട്ടിച്ചേർത്തു. ലോക്‌സഭയിൽ രേഖാമൂലം നൽകിയ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിദേശ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് നിരവധി പദ്ധതികൾ നടത്തുന്ന കാര്യം സർക്കാറിന്‍റെ പരിഗണനയിലുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയും അമേരിക്കയുടെ നാസയും സംയുക്തമായി സഹകരിച്ച് ഭൂമിയെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് 'നാസ-ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ' എന്ന പേരിൽ ഒരു ഉപഗ്രഹ ദൗത്യം ഉടനെ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ വർധിപ്പിക്കുക, ബഹിരാകാശ ശാസ്ത്രഗവേഷണം വിപുലീകരിക്കുക, ഭൗമ നിരീക്ഷണ ഡാറ്റാബേസ് വർധിപ്പിക്കുക, ഗ്രൗണ്ട് സ്റ്റേഷൻ നെറ്റ്‌വർക്കുകൾ വികസിപ്പിക്കുക, മറ്റ് സംഘടനകളുമായി സഹകരിച്ച് പരീക്ഷണങ്ങളിലൂടെ ഉൽപന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.