മല്ലികാർജുൻ ഖാർഗെ

കേന്ദ്രസർക്കാർ പരസ്യങ്ങൾ ജനങ്ങളുടെ വയർ നിറക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ; റെയിൽവേ സ്വകാര്യവൽക്കരണ പദ്ധതി ഉപേക്ഷിക്കണം

ന്യൂഡൽഹി: റെയിൽവേ മേഖലയിലെ സ്വകാര്യവൽക്കരണമെന്ന പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാർഗെ. പരസ്യങ്ങൾ ജനങ്ങളുടെ വയർ നിറക്കില്ലെന്ന യാഥാർഥ്യം കേന്ദ്ര സർക്കാർ മനസിലാക്കണം. മുഴുവൻ ജനങ്ങൾക്കും തൊഴിൽ ലഭിക്കുന്നത് വരെ അവർ യുദ്ധം തുടരുമെന്നും റെയിൽവേ മേഖലയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച രാജ്യസഭയിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാർഗെ.

ഗതാഗത മേഖലയിലെ വികസനങ്ങൾക്ക് സംഭാവനകൾ നൽകിയ കോൺഗ്രസ് നേതൃത്വം നൽകിയ മുൻ യു.പി.എ സർക്കാറിനെ അംഗീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ ഖാർഗെ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യത്തിൽ ഇത്രയധികം വിദ്വേഷം നിലനിൽക്കുന്നുണ്ടെങ്കിൽ അത് നിലനിൽപ്പിന് തന്നെ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേയിൽ 2.65 ലക്ഷം തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. 3.18 ലക്ഷം പേർ ദിവസ വേതനത്തിൽ ജോലി ചെയ്യുന്നുണ്ട്. 9.67 ലക്ഷം തസ്തികകൾ ക്രമീകരിച്ചതായും ഖാർഗെ പറഞ്ഞു. ഇന്ത്യൻ റെയിൽവേ നഷ്ടത്തിലൂടെയാണ് നീങ്ങുന്നതെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ആ മേഖലയിലെ സ്വകാര്യവൽക്കരണത്തിന് വേണ്ടിയാണെന്ന് ഖാർഗെ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ മാത്രമാണെന്ന് യാഥാർഥ്യമായത്. 400 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുമെന്ന് പ്രഖ്യാപിച്ച നിങ്ങൾക്ക് രണ്ട് വർഷത്തിനുള്ളിൽ അത് നടപ്പാക്കി കാണിക്കാൻ കഴിയുമോയെന്ന് ഖാർഗെ ചോദിച്ചു. 2022ൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ ഓടി തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നതെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കാൻ സർക്കാറിന് പദ്ധതിയില്ലെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ വാദം സാങ്കൽപ്പികമാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി. 1.14 ലക്ഷം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന് എം.പിമാരുടെ ചോദ്യങ്ങൾക്ക് കേന്ദ്ര മന്ത്രി മറുപടി നൽകി.

കഴിഞ്ഞ വർഷം ഡിസംബർ 18 വരെ ചരക്ക് ഗതാഗതത്തിൽ നിന്നുള്ള റെയിൽവേയുടെ വരുമാനം 98,075.12 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 1,37,810 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. പാസഞ്ചർ സർവീസിൽ നിന്നും 26,871.23 കോടി രൂപ വരുമാനമുണ്ടെന്നും ഈ സാമ്പത്തിക വർഷത്തിൽ 61,000 കോടി രൂപയാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Centre Must Give Up Idea Of Privatisation Of Railways: Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.