ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നതിനെ ചൊല്ലി രാജ്യസഭയിൽ സർക്കാറും പ്രതിപക്ഷവും ഏറ്റുമുട്ടി. ശൂന്യവേളയിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങ് വിഷയം ഉന്നയിച്ചതോടെ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ രൂക്ഷമായത്. രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിന് നിരവധി തവണ ഇടപെടേണ്ടി വന്നു.
പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡിയെ ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ അഴിമതിക്കാരായ ബി.ജെ.പി നേതാക്കൾക്കെതിരെ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. ഇ.ഡിയെ ഉപയോഗിച്ച് നടത്തുന്നത് പൊതുജന സേവനമാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. എട്ടു വർഷത്തിനുള്ളിൽ ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ 3000 കേസുകൾ രജിസ്റ്റർ ചെയ്തതിൽ കേവലം അര ശതമാനം പേരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത് എന്ന് സിങ് ഓർമിപ്പിച്ചു. ഇതേ ഇ.ഡി 20,000 കോടിയുടെ അഴിമതി നടത്തിയ നീരവ് മോദിക്കെതിരെ എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്നും ചോദിച്ചു. സഭാ നേതാവും വാണിജ്യ മന്ത്രിയുമായ പിയൂഷ് ഗോയൽ, സിങ്ങിന്റെ വാദം തെറ്റാണെന്നും ബലപ്പെടുത്തുന്ന വസ്തുതകൾ ഒന്നുമില്ലെന്നും വിളിച്ചുപറഞ്ഞത് ബഹളത്തിനിടയാക്കി.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അടക്കമുള്ളവ ചെയ്താൽ എം.പിമാർക്കും എം.എൽ.എമാർക്കും ജനപ്രതിനിധികൾക്കുമെതിരെ അവ പരിശോധിക്കണമെന്ന കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഗോയൽ അവകാശപ്പെട്ടു. ഗോയലിനെ ചോദ്യം ചെയ്ത് ഇടപെട്ട പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രണ്ടു കോടി തൊഴിൽ നൽകുമെന്നും 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്നും പ്രധാനമന്ത്രി പറഞ്ഞത് സഭയിൽ ഉന്നയിച്ചാൽ അതിന്റെ ആധികാരികത ചോദിക്കുമോ എന്ന് ഗോയലിനോട് ആരാഞ്ഞു. പ്രധാനമന്ത്രിയുടെ നാവിൽ നിന്ന് വന്നത് ആധികാരികമാണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് ഖാർഗെ കൂട്ടിച്ചേർത്തു. ഇ.ഡിയുടെ 3000 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് കേവലം 23 പേരാണെന്നത് സഭാംഗമായ പ്രിയങ്ക ചതുർവേദിക്ക് മന്ത്രി നൽകിയ മറുപടിയാണ് എന്ന് സഞ്ജയ് സിങ് തിരിച്ചടിച്ചു. ഇതിന് പിന്തുണയുമായി ശിവസേനയുടെ പ്രിയങ്ക ചതുർവേദിയും എഴുേന്നറ്റു.
നീരവ് മോദിക്കും വിജയ് മല്യക്കും ലളിത് മോദിക്കും റെഡ്ഢി സഹോദരങ്ങൾക്കും യദിയൂരപ്പക്കും വ്യാപം അഴിമതിക്കും എതിരെയൊന്നും അന്വേഷണമില്ലെന്ന് സിങ് തുടർന്നു. ബി.ജെ.പി നേതാക്കൾക്കെതിരെ എന്തു മാത്രം അഴിമതി കേസുകളുണ്ടോ അവയിലൊന്നിനും അന്വേഷണമില്ല. ഈ സഭയിലെ അംഗമായ സഞ്ജയ് റാവത്തിനെ 100 ദിവസമാണ് ജയിലിട്ടത്. സത്യേന്ദ്ര ജെയിനെ ഇപ്പോഴും ജയിലിലിട്ടിരിക്കുന്നു. മനീഷ് സിസോദിയക്കും അരവിന്ദ് കെജ്രിവാളിനും മേൽ ചാപ്പ കുത്തുന്നു. എല്ലാ മുഖ്യമന്ത്രിമാർക്കുമെതിരെ ആരോപണമുന്നയിക്കുന്നു. ദാദാഗിരി കൊണ്ടും താന്തോന്നിത്തംകൊണ്ടും രാജ്യം മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശ്യമെങ്കിൽ പ്രതിപക്ഷത്തെ പിടിച്ചങ്ങ് ജയിലിലിട്ടേക്കൂ എന്ന് സിങ് ഗോയലിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.