ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷവേളയിൽ രാജ്യതലസ്ഥാനത്ത് പ്രാദേശിക കലാകാരന്മാരുടെ തനത് കലാസൃഷ്ടി അവതരിപ്പിക്കാൻ കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അവസരമില്ല. റിപ്പബ്ലിക്ദിന പരേഡിൽനിന്ന് കേരളം, പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ കേന്ദ്രം വെട്ടി. നടപടി രാഷ്ട്രീയ പക്ഷപാതംമൂലമെന്ന് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചു. സംസ്ഥാനങ്ങൾ അവരുടെ അഭിരുചിക്കും സംസ്കാരത്തിനും അനുസൃതമായ നിശ്ചലദൃശ്യമാണ് അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ‘കന്യാശ്രീ’ പദ്ധതിയുടെ നിശ്ചലദൃശ്യമായിരുന്നു ബംഗാളിന്റേത്.
പെൺകുട്ടികളെ ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നത് രാജ്യം മുഴുവൻ കാണുമെന്ന ഭയത്താലാണ് കേന്ദ്രം തള്ളിയതെന്ന് തൃണമൂൽ കുറ്റപ്പെടുത്തി. എന്നാൽ, നിശ്ചലദൃശ്യം തെരഞ്ഞെടുക്കുന്നതിൽ യാതൊരു വിവേചനവും ഉണ്ടായിട്ടില്ലെന്നും ‘ഭാരത് പർവ്’ പരിപാടിയിൽ അവസരം നൽകുമെന്നുമുള്ള വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തുവന്നു. എന്നാൽ, ഭാരത് പർവിൽ അവതരിപ്പിക്കില്ലെന്ന നിലപാട് പഞ്ചാബ് സർക്കാർ അറിയിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് നിശ്ചലദൃശ്യത്തിനായി കേന്ദ്രം നൽകിയത്. ഈ പ്രമേയങ്ങളിൽ കേരളം നൽകിയ 10 ഡിസൈനുകൾക്കും അനുമതി നൽകിയില്ല. 2020ലും കേരളത്തിന് അനുമതി നൽകിയിരുന്നില്ല. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം തള്ളിയത് ആം ആദ്മി പാർട്ടി -ബി.ജെ.പി പോരിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം, ബംഗാൾ സംസ്ഥാനങ്ങളുടേതും തള്ളിയ വിവരം അതത് സംസ്ഥാനങ്ങളിലെ ഇൻഫർമേഷൻ ഓഫിസർമാരെ കേന്ദ്രം അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.