മുംബൈ: ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണമുയർന്ന വെബ് സീരീസായ 'താണ്ഡവ്' വിവാദത്തിൽ ആമസോൺ പ്രൈമിനോട് വിശദീകരണം തേടി കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം. ബി.ജെ.പി എം.എൽ.എയായ രാം കദം താണ്ഡവിന്‍റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും സംവിധായകനുമെതിരെ പരാതി നൽകിയതിെന തുടർന്നാണ് നടപടി.
അഭിനേതാക്കളായ സെയ്ഫ് അലി ഖാനും ഡിമ്പിൾ കപാഡിയയും ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും എല്ലാ തവണയും ഇതുതന്നെയാണ് ആവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാം കദമിന് പിന്നാലെ നിരവധി ബി.ജെ.പി നേതാക്കൾ താണ്ഡവിനെതിരെ രംഗത്തെത്തിയിരുന്നു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെടുത്തി കഥ പറയുന്ന സീരീസിൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് ആരോപണം.
താണ്ഡവ് നിരോധിക്കണമെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ബി.ജെ.പി എം.പി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സംപ്രേക്ഷണം െചയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, ബലാത്സംഗം, വെറുപ്പ് എന്നിവ കൂടുതലായുണ്ടെന്നും കത്തിൽ പറയുന്നു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് താണ്ഡവിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം രൂക്ഷമായിരുന്നു. അലി അബ്ബാസ് സഫറാണ് താണ്ഡവിന്‍റെ സംവിധായകൻ.
നടനായ മുഹമ്മദ് സീഷൻ അയ്യൂബ് സ്റ്റേജ് പെർഫോമറായി എത്തിയ സീനിൽ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ....?' എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.