ന്യൂഡല്‍ഹി: കാളകളെ ഉപയോഗിച്ചുള്ള വിനോദത്തിന് അനുമതി നല്‍കിയ 2016ലെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് അംഗീകാരമാകുന്നു. അതേസമയം, കേരളത്തിലെ കാളപൂട്ടിന് നിരോധനവും വരും. ജെല്ലിക്കെട്ട് നിയമവിധേയമാക്കി തമിഴ്നാട് നിയമസഭ നിയമം പാസാക്കിയ സാഹചര്യത്തിലാണ് വിജ്ഞാപനം പിന്‍വലിക്കുന്നതെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതിയെ അറിയിച്ചു.

ഈ നിലപാട് അംഗീകരിച്ച് കേന്ദ്രത്തിനെതിരായ കേസ് സുപ്രീംകോടതി തള്ളിയാല്‍ തമിഴ്നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കാളകളെ ഉപയോഗിച്ചുള്ള പരമ്പരാഗത വിനോദങ്ങള്‍ക്ക് നിരോധനം വരും.  ജെല്ലിക്കെട്ടിനും കാളപൂട്ടിനും കായിക വിനോദങ്ങളെന്ന നിലക്ക് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയതിനെതിരായ കേസില്‍ വിധി പറയാനിരിക്കെയാണ് കേന്ദ്രം നാടകീയമായി വിജ്ഞാപനം പിന്‍വലിച്ചത്. കാളകളെയും മറ്റ് മൃഗങ്ങളെയും പ്രദര്‍ശിപ്പിച്ചും പരിശീലിപ്പിച്ചും നടത്തുന്ന വിനോദങ്ങള്‍ നിരോധിച്ച് 2011ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തോടെയാണ് വിവാദങ്ങളുടെ തുടക്കം.

ഇതിനെതിരെ കാളപൂട്ടുകാരും ജെല്ലിക്കെട്ടുകാരും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിജ്ഞാപനം ശരിവെച്ചു. ഈ വിധി മറികടക്കാനാണ് 2016 ജനുവരിയില്‍ കാളകളെ ഉപയോഗിച്ചുള്ള കായിക വിനോദങ്ങള്‍ക്ക് അനുമതി നല്‍കി വിജ്ഞാപനം പുറത്തിറക്കിയത്. തൊട്ടടുത്ത ആഴ്ചതന്നെ സുപ്രീംകോടതി വിജ്ഞാപനം സ്റ്റേചെയ്തു. തുടര്‍ന്ന് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി. സുപ്രീംകോടതിയിലെ കേസ് സ്വന്തം വിജ്ഞാപനത്തിനെതിരായതിനാല്‍ വിധി വന്നശേഷം തുടര്‍ നിയമനടപടി ആലോചിക്കാമെന്ന നിലപാടിലായിരുന്നു കേന്ദ്രം. അതിനിടയിലാണ് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

സുപ്രീംകോടതിയില്‍നിന്ന് വാങ്ങിയ ഈ ഇടവേളയില്‍ തമിഴ്നാടിന് മാത്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാന നിയമം പാസാക്കിയെടുത്തതാണ് 2016ലെ കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കാന്‍ കാരണമെന്ന് എ.ജി അറിയിച്ചു. കേസിനാധാരമായ വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് വിധിപറയാന്‍ മാറ്റിവെച്ച കേസ് തള്ളിക്കളയണമെന്ന ആവശ്യവും കേന്ദ്രം ഉന്നയിച്ചു. ഇക്കാര്യം ബുധനാഴ്ച പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
തമിഴ്നാടിനും കേരളത്തിനും പുറമെ മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്  എന്നിവിടങ്ങളില്‍ കാളകളെ ഉപയോഗിച്ച് നടത്തുന്ന വിവിധ വിനോദങ്ങള്‍ക്കും 2016ലെ വിജ്ഞാപനം അനുമതി നല്‍കിയിരുന്നു.

കേന്ദ്രത്തിന്‍െറ തന്ത്രത്തിനൊത്തുനിന്ന് സുപ്രീംകോടതി ഹരജി തള്ളിയാല്‍ കാളകളെ ഉപയോഗിച്ചുള്ള വിനോദങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ 2014ലെ വിധി തമിഴ്നാട് ഒഴികെ എല്ലായിടത്തും പ്രാബല്യത്തില്‍ വരും. അതോടെ, കേരളത്തിലെ കാളപൂട്ട് അടക്കം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത വിനോദങ്ങള്‍ക്ക് നിരോധനം വരുകയും പുതിയ സംസ്ഥാന നിയമത്തിലൂടെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മാത്രം ഇതില്‍നിന്നൊഴിവാകുകയും ചെയ്യും. അതല്ളെങ്കില്‍, സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തിയ തമിഴ്നാടിനെ കേസില്‍ കക്ഷിചേര്‍ക്കേണ്ടിവരും.

Tags:    
News Summary - Centre seeks to withdraw January 2016 notification on Jallikattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.