ന്യൂഡൽഹി: രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിൽ തിരക്കിട്ട പുനഃസംഘടനയുമായി കേന്ദ്രം. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറിയായി വി. ഉമാശങ്കറിനെ സർക്കാർ നിയമിച്ചു. ഹരിയാന കേഡറിൽനിന്നുള്ള 1993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഉമാശങ്കർ മുമ്പ് ഹരിയാന മുൻ മുഖ്യമന്ത്രി എം.എൽ. ഖട്ടറിന്റെയും നിലവിലെ മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൽക്കരി മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറിയായി അരുണാചൽ പ്രദേശ്-ഗോവ-മിസോറം, കേന്ദ്രഭരണ പ്രദേശം (എ.ജി.എം.യു.ടി) കേഡറിൽനിന്നുള്ള 1993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വിക്രം ദേവ് ദത്തിനെ നിയമിച്ചു. നിലവിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലായി (ഡി.ജി.സി.എ) സേവനമനുഷ്ഠിക്കുകയായിരുന്നു.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ സെക്രട്ടറിയായി രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ തൻമയ് കുമാറിനെ നിയമിച്ചു. നിലവിൽ ചുമതല വഹിക്കുന്ന ലീന നന്ദൻ ഡിസംബർ അവസാനം വിരമിക്കുന്നതോടെ തൻമയ് ചുമതലയേക്കും. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറിയായി പശ്ചിമ ബംഗാൾ കേഡറിൽനിന്നുള്ള 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്ത നിയമിതനായി. നവംബർ 30ന് നിലവിൽ സെക്രട്ടറിയായ അനിതാ പ്രവീൺ വിരമിക്കുന്നതോടെ ഗുപ്ത ചുമതലയേക്കും.
നിലവിൽ നാഷനൽ പ്രൊഡക്ടിവിറ്റി കൗൺസിൽ ഡയറക്ടർ ജനറലായ എസ്. ഗോപാലകൃഷ്ണനെ സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) ചെയർമാനായി നിയമിച്ചു. നിലവിൽ ചുമതല വഹിക്കുന്ന രാകേഷ് രഞ്ജൻ ഒക്ടോബർ അവസാനം സ്വമേധയാ വിരമിക്കാനിരിക്കെയാണ് നടപടി. ദേശീയ പട്ടികവർഗ കമീഷൻ സെക്രട്ടറിയായി പുനീത് കുമാർ ഗോയൽ, നാഷനൽ സെൻറർ ഫോർ ഗുഡ് ഗവേണൻസ് ഡയറക്ടർ ജനറലായി സുരേന്ദ്ര കുമാർ ബാഗ്ഡെ എന്നിവരും നിയമിതരായി. 1993 ബാച്ച് മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥനായ ബാഗ്ഡെ മുമ്പ് ഭവന, നഗരകാര്യ മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.