റാഞ്ചി: ഝാർഖണ്ഡിൽ സർക്കാർ രൂപവത്കരണം വൈകുന്നതിൽ അട്ടിമറി നീക്കം സംശയിച്ച് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ ജെ.എം.എമ്മും കോൺഗ്രസും നീക്കം തുടങ്ങി. എം.എൽ.എമാർ ഹൈദരാബാദിലേക്ക് പോകാൻ റാഞ്ചി വിമാനത്താവളത്തിലെത്തി.
സർക്കാർ രൂപവത്കരണം ഗവർണർ മനപൂർവം വൈകിപ്പിക്കുകയാണെന്ന് കോൺഗ്രസും ജെ.എം.എമ്മും കുറ്റപ്പെടുത്തി. എം.എൽ.എമാരെ ബി.ജെ.പി റാഞ്ചുന്നത് ഒഴിവാക്കാനാണ് ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റുന്നത്. ജെ.എം.എം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ച ചംപയ് സോറനും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
ഗവർണർ സി.പി. രാധാകൃഷ്ണൻ ചംപായ് സോറനെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കാതിരുന്നതോടെയാണ് എം.എൽ.എമാരെ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുന്നത്. നേരത്തെ, ചംപയ് സോറൻ രാജ്ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വിഡിയോ ഗവർണർക്ക് കൈമാറിയിരുന്നു. എന്നിട്ടും ഗവർണർ സർക്കാർ രൂപവത്കരണ നടപടികളിലേക്ക് കടന്നിട്ടില്ല. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ഭരണകക്ഷി എം.എൽ.എമാരെ ചാക്കിട്ടു പിടിച്ച് ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിനാണ് ബി.ജെ.പി നീക്കമെന്നും ആരോപണമുണ്ട്. ഹേമന്ത് സോറൻ രാജിവെച്ചതിനു പിന്നാലെയാണ് മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ ചംപായ് സോറനെ ജെ.എം.എം മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചക്കായി ഗവർണർ ചംപായ് സോറനെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു. ഭൂമികുംഭകോണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് ഹേമന്ത് സോറൻ രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.