ചംപായ് സോറന്‍റെ സത്യപ്രതിജ്ഞ ഇന്ന്; ഒടുവിൽ ഗവർണർ ക്ഷണിച്ചു

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ചംപായ് സോറൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ചംപായിയെ സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ സി.പി. രാധാകൃഷ്ണൻ ക്ഷണിച്ചു.

പത്തു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ചംപായ് സോറൻ 43 എം.എൽ.എമാരുടെ പിന്തുണക്കത്തുമായി രാജ്‍ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണനെ കണ്ടിരുന്നു. എന്നാൽ, സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുന്നത് നീണ്ടുപോയതാണ് അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കിയത്.

എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി ശ്രമം നടത്തുന്നതായി സംശയം ഉയർന്നതിനെ തുടർന്ന് അവരെ വിമാനത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെ ഹൈദരാബാദിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു. എന്നാൽ, മോശം കാലവസ്ഥമൂലം വിമാന യാത്ര റദ്ദാക്കി. പിന്നാലെ രാത്രി വൈകിയാണ് ഗവർണർ സത്യപ്രതിജ്ഞക്ക് ചംപായ് സോറനെ വിളിച്ചത്. ഇ.ഡി ചോദ്യംചെയ്തതിന് പിന്നാലെ ബുധനാഴ്ച രാത്രി 8.45ന് രാജ്‍ഭവനിലെത്തി ഹേമന്ത് സോറൻ രാജി സമർപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചംപായ് സോറനെ നേതാവായി തെരഞ്ഞെടുത്ത് ഗവർണർക്ക് കത്ത് കൈമാറിയിട്ടും തീരുമാനമെടുക്കാൻ വൈകുന്നതിൽ ചംപായ് സോറനും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ഠാകുറും പ്രതിഷേധിച്ചു. 18 മണിക്കൂറിലധികമായി സംസ്ഥാനത്ത് സർക്കാറില്ലെന്നും ഗവർണർ ഉറക്കത്തിലാണെന്നും ചംപായ് സോറൻ ആരോപിച്ചു.

വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഗവർണറെ കാണാൻ ചംപായ് സോറൻ വീണ്ടും അനുമതി തേടി. 5.30ന് കൂടിക്കാഴ്ചക്ക് ഗവർണർ സമയം നൽകി. അഞ്ച് എം.എൽ.എമാരോടൊപ്പം രാജ്‍ഭവനിലെത്തിയ ചംപായ് സോറൻ 43 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ട് ഗവർണറെ 49 സെക്കൻഡ് വിഡിയോ കാണിച്ചു. 47 പേരുടെ വരെ പിന്തുണ ലഭിക്കുമെന്നും എം.എൽ.എമാരെല്ലാം സർക്കാർ ഗെസ്റ്റ് ഹൗസിലുണ്ടെന്നും അറിയിച്ചു. ഉടൻ തീരുമാനമെടുക്കാമെന്ന് ഗവർണർ ഉറപ്പുനൽകിയതിനെ തുടർന്ന് ഇവർ മടങ്ങി. രാത്രി വൈകിയും സർക്കാർ രൂപവത്കരണ ക്ഷണം ലഭിക്കാതിരുന്നതിനെ തുടർന്നാണ് എം.എൽ.എമാരെ ബസിൽ റാഞ്ചി വിമാനത്താവളത്തിലെത്തിച്ച് ഹൈദരാബാദിലേക്ക് മാറ്റാൻ ശ്രമം നടത്തിയത്.

Tags:    
News Summary - Champai Soren To Take Oath As Jharkhand Chief Minister Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.