അമരാവതി: ആന്ധ്രപ്രദേശിൽ തെലുങ്കു ദേശം പാർട്ടിയുടെ (ടി.ഡി.പി) നേതൃത്വത്തിലുള്ള പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ഈ മാസം 12ലേക്ക് മാറ്റി. പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകും. ജൂൺ ഒൻപതിന് സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. കേന്ദ്രത്തിൽ അധികാരത്തിലേറുന്ന എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞ എട്ടിന് നടക്കുന്നതിനാലാണ് തീയതി മാറ്റിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ടി.ഡി.പിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അധ്യക്ഷനായുള്ള ജെ.ഡി.യുവും ഇത്തവണ എൻ.ഡി.എ സഖ്യകക്ഷികളാണ്. ഇൻഡ്യ മുന്നണി നേതാക്കൾ സമീപിച്ചെന്ന വാർത്തകൾ നിഷേധിച്ച ചന്ദ്രബാബു നായിഡു, താൻ എൻ.ഡി.എക്ക് ഒപ്പം തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 175ൽ 135 സീറ്റും നേടിയാണ് ടി.ഡി.പി ഭരണം പിടിച്ചത്. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് 11 സീറ്റിലേക്കൊതുങ്ങി. പവൻ കല്യാണിന്റെ ജനസേന പാർട്ടി 21 സീറ്റ് നേടി. എട്ടിടത്ത് ബി.ജെ.പി സ്ഥാനാർഥികളും വിജയിച്ചു
ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുർവുവിന് മോദി രാജിക്കത്ത് നൽകിയത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ ചുമതലയിൽ തുടരാൻ രാഷ്ട്രപതി മോദിക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ രൂപവത്കരണത്തിന്റെ സാധ്യതകൾ വിലയിരുത്താൻ എൻ.ഡി.എ യോഗം ചേർന്നിരുന്നു. എട്ടോളം പേരെ മന്ത്രിയാക്കണമെന്നും സ്പീക്കർ സ്ഥാനം വേണമെന്നും ടി.ഡി.പി ആവശ്യപ്പെട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.