ന്യൂഡൽഹി: ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭീം ആർമി തല വൻ ചന്ദ്രശേഖർ ആസാദ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെത ിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ തനിക്ക് ജാമ്യം അനുവദിക്കുന്നതിന് തീസ് ഹസാരി കോടതി മുന്നോട്ടുവെച്ച ഉപാധികൾ തെറ്റാണെന്നും അത് എടുത്തുകളയണമെന്നും ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖർ അപ്പീൽ ഹരജി നൽകിയത്.
ചന്ദ്രശേഖർ കുറ്റവാളിയല്ലെന്നും അതിനാൽ കടുത്ത ഉപാധികൾ ഒഴിവാക്കണമെന്നും ഹരജിയിൽ ചുണ്ടിക്കാട്ടുന്നു. അഭിഭാഷകരായ മെഹമൂദ് പ്രച, ഒ.പി ഭാരതി എന്നിവരാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
ചന്ദ്രശേഖർ എയിംസിലാണ് ചികിത്സ നടത്തുന്നത്. ചികിത്സക്കായി ഡൽഹിയിൽ എത്താൻ പോലും അനുമതി വാങ്ങണമെന്ന ഉപാധി എടുത്തുകളയണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജി ജനുവരി 21ന് കോടതി പരിഗണിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആസാദിനെ ഡിസംബർ 21ന് ഡൽഹി ജമാ മസ്ജിദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് തീസ് ഹസാരിസ് കോടതി ജാമ്യം അനുവദിച്ചത്. നാലാഴ്ച ഡൽഹിയിൽ ഉണ്ടാകരുത്, ചികിത്സക്ക് ഡൽഹിയിൽ വരണമെങ്കിൽ അനുമതി വാങ്ങണം, എല്ലാ ശനിയാഴ്ചയും ആസാദിന്റെ നാടായ ഉത്തർപ്രദേശിലെ സഹാറൻപുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ഒരു മാസത്തിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതുവരെ മാസത്തിലെ അവസാന ശനിയാഴ്ച സഹാറൻപുർ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധകളോടെ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.