മുംബൈ: ബഹിരാകാശ ചരിത്രത്തിലെ ഇന്ത്യൻകുതിപ്പിന്റെ അടയാളപ്പെടുത്തലായ ചാന്ദ്രയാൻ-3 വിക്ഷേപണ വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് ഹിന്ദിചലച്ചിത്ര താരങ്ങളും. ഇന്ത്യൻ ജനത ഉറ്റുനോക്കിയ ചന്ദ്രയാൻ-3 ബുധനാഴ്ച വൈകീട്ട് 6.04നാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. പഴയ സോവിയറ്റ് റിപ്പബ്ലിക്, യു.എസ്, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ‘ചരിത്രത്തിന്റെ ഈ നിമിഷം ജീവിക്കുന്നതിൽ അഭിമാനിക്കുന്നു, ആവേശം തോന്നുന്നു. ഭാരത് മാതാ കീ, ജയ് ചന്ദ്രയാൻ’, ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അക്ഷയ് കുമാർ പറഞ്ഞത് ഒരു ബില്യൺ ഹൃദയങ്ങൾ ഐ.എസ്.ആർ.ഒ ക്ക് നന്ദി പറയുന്നു. നിങ്ങൾ ഞങ്ങളെ വളരെയധികം അഭിമാനിപ്പിച്ചു. ഇന്ത്യ ചരിത്രമെഴുതുന്നത് കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഇന്ത്യ ചന്ദ്രനിലാണ്, നമ്മൾ ചന്ദ്രനു മുകളിലാണ്. എന്നായിരുന്നു. ഐ.എസ്.ആർഒയുടെ കൺട്രോൾ റൂമിന്റെ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് നടി ശ്രദ്ധ കപൂർ ആഹ്ലാദം പ്രകടിപ്പിച്ചത്. വാ, എന്തൊരു നിമിഷം എന്ന് അവർ ഇൻസ്റ്റയിൽ എഴുതി. ‘എന്റെ ആളുകൾ ഉയരത്തിൽ ഉയരുന്നതിനും ഏറ്റവും മികച്ചത് നൽകുന്നതിനും ഞാൻ സാക്ഷിയായതിനാൽ ഇന്ന് ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നു. ഐ.എസ്.ആർ.ഒക്കും ചാന്ദ്രയാൻ-3 ന്റെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിന് പിന്നിലെ പ്രതിഭകൾക്കും അഭിനന്ദനങ്ങളും എല്ലാ ബഹുമാനവും. എന്നാണ് ഹൃത്വിക് റോഷൻ ട്വിറ്ററിൽ കുറിച്ചത്. ബോളിവുഡിലെ ആക്ഷൻ ഹീറോ ടൈഗർ ഷ്രോഫ് ‘ദൗത്യം പൂർത്തീകരിച്ചു, ചരിത്രം സൃഷ്ടിച്ചു. ജയ് ഹിന്ദ് അഭിനന്ദനങ്ങൾ’ എന്നു കുറിച്ചു.
വരാനിരിക്കുന്ന ചിത്രമായ കുശിയുടെ റിലീസിനായി കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിൽ ‘രാജ്യമെമ്പാടുമുള്ള ആ സന്തോഷവും അഭിമാനവും, കുശിയീ’ എന്നാണ് കുറിച്ചത്. കുശിയിലെ വിജയിയുടെ സഹനടി സാമന്ത റൂത്ത് പ്രഭുവും സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു, ‘ഇനിയും ഞങ്ങൾ ചന്ദ്രനിൽ ഇറങ്ങുന്നു! ജയ് ഹിന്ദ്. അഭിനന്ദനങ്ങൾ.
‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ ശ്രീവല്ലിയായി പ്രേക്ഷകരുടെ മനം കവർന്ന നടി രശ്മിക മന്ദാന തന്റെ ഇൻസ്റ്റാഗ്രാമിൽ ഇപ്രകാരം എഴുതി, ‘ഇന്ന് ചാന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുമ്പോൾ നമുക്കെല്ലാവർക്കും അഭിമാന നിമിഷം... ഈ ദൗത്യത്തിൽ പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരേയും ബഹുമാനിക്കുകയും സല്യൂട്ട് ചെയ്യുകയും ചെയ്യുന്നു’. നടി തപ്‌സി പന്നു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഐ.എസ്.ആർ. ഒയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.