ജമ്മു കശ്മീരിൽ ‘സമാന്തര അസംബ്ലി’ നടത്തി സഭയിൽ നിന്ന് പുറത്താക്കിയ ബി.ജെ.പി എം.എൽ.എമാർ

ശ്രീനഗർ: 370ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാർ ജമ്മു കശ്മീർ നിയമസഭയുടെ പുൽത്തകിടിയിൽ ‘സമാന്തര അസംബ്ലി’ നടത്തി. ‘സമാന്തര സർക്കാർ’ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർച്ചയായ രണ്ടാംദിവസവും ബഹളം സൃഷ്ടിച്ചതിന് നിരവധി എം.എൽ.എമാരെ സഭയിൽനിന്ന് സ്പീക്കർ പുറത്താക്കിയിരുന്നു.

കഴിഞ്ഞ മാസം ഉമർ അബ്ദുള്ള സർക്കാർ അധികാരമേറ്റതിനുശേഷം കന്നി സമ്മേളനം നടക്കുന്ന ജമ്മു കശ്മീർ അസംബ്ലി, പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള തർക്ക പ്രമേയത്തെച്ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പ്രക്ഷുബ്ധാവസ്ഥക്ക് സാക്ഷ്യം വഹിച്ചു. വെള്ളിയാഴ്ച സഭ സമ്മേളിച്ചപ്പോൾ ബി.ജെ.പി എം.എൽ.എമാർ പ്രത്യേക പദവി പ്രമേയത്തിൽ പ്രതിഷേധം തുടങ്ങി. പിന്നീട് ‘ഭാരത് മാതാ കീ ജയ്’, ‘പാകിസ്താൻ കാ അജൻഡ നഹിൻ ചലേഗാ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഡയസിലേക്ക് ഇരച്ചുകയറി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ പരസ്പരം മുദ്രാവാക്യം വിളിച്ചതോടെ സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് സ്പീക്കർ അബ്ദുൽ റഹീം റാത്തർ പ്രതിഷേധിച്ച എം.എൽ.എമാരെ പുറത്താക്കാൻ മാർഷലുകളോട് ആവശ്യപ്പെട്ടു.

തുടർന്ന് ഒരു ഡസനോളം ബി.ജെ.പി എം.എൽ.എമാർ വാക്കൗട്ട് നടത്തി. ‘സമാന്തര അസംബ്ലി’ എന്ന പേരിൽ ബി.ജെ.പി പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ വിളിച്ചുചേർത്ത പ്രത്യേക നടപടിക്രമങ്ങൾക്കായി അവർ പുൽത്തകിടിയിൽ ഒത്തുകൂടി. വ്യാഴാഴ്ച ജമ്മുവിലെ കിഷ്ത്വാറിൽ കൊല്ലപ്പെട്ട രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകൾക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. വെള്ളിയാഴ്ച ഇവരുടെ മൃതദേഹം കണ്ടെടുത്തത് പ്രദേശത്ത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

90 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 29 എംഎൽഎമാരാണുള്ളത്. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനെ അവർ എതിർക്കുന്നു. പാർലമെന്‍റ് എടുത്തതും സുപ്രീംകോടതി അംഗീകരിച്ചതുമായ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ജമ്മു-കശ്മീർ അസംബ്ലിയുടെ അവകാശത്തെ ‘സമാന്തര അസംബ്ലി’ ചോദ്യം ചെയ്തു. ‘ഞങ്ങൾ ഒരു സമാന്തര അസംബ്ലി നടത്തി. അവിടെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു. അത് നിസ്സാരമായി കാണരുത്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കാൻ നിങ്ങളിത് തുടരുകയാണെങ്കിൽ ഞങ്ങൾ ഒരു സമാന്തര സർക്കാർ നയിക്കും. ഇതൊരു മുന്നറിയിപ്പാണ്’ എന്ന് ശർമ പറഞ്ഞു.

എന്നാൽ, തങ്ങൾ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും അത് പുനഃസ്ഥാപിക്കുന്നതിനുള്ള അവകാശങ്ങൾ ഉള്ളവരാണെന്നും നാഷണൽ കോൺഫറൻസ് നിയമസഭാംഗങ്ങൾ തിരിച്ചടിച്ചു.

Tags:    
News Summary - Chaos over Article 370: Evicted BJP MLAs hold 'parallel Assembly' in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.