മോദിയുടേത് ചീപ്പ് പി.ആർ സ്റ്റണ്ട്; വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സംബന്ധിച്ച പരാമർശങ്ങളാണ് ഇരുവരും തമ്മിലുള്ള വാക്പോരിന് ഇടയാക്കിയത്. ബി.ജെ.പിയുടെ നൂറു ദിവസ പദ്ധതി ചീപ്പായ പബ്ലിക് സ്റ്റണ്ടാണെന്ന് ഖാർ​ഗെ വിമർശിച്ചു.

കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന നരേന്ദ്ര മോദിയുടെ വിമർശന​ത്തോടാണ് ഖാർഗെയുടെ മറുപടി. നുണകൾ, വഞ്ചന, കള്ളക്കളി, കൊള്ള, പരസ്യം എന്നിവ കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിന്റെ സവിശേഷതകളാണെന്ന് ഖാർഗെ പറഞ്ഞു.

മോദിയുടെ നൂറുദിന പരിപാടി ചീഫ് പബ്ലിക് സ്റ്റണ്ടാണ്. 2047ൽ ഇന്ത്യ എങ്ങനെ വേണമെന്ന് കണ്ടെത്താൻ 20 ലക്ഷം ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, ഇതിനെ കുറിച്ച് വിവരാവകാശ അപേക്ഷ സമർപ്പിക്കുമ്പോൾ അതിന് മറുപടി നൽകാൻ തയാറാവുന്നില്ലെന്നും ഖാർഗെ വിമർശിച്ചു.

അധികാരത്തിലെത്തിയതിന് ശേഷം നിരവധി തവണ ബി.ജെ.പി വാഗ്ദാനങ്ങൾ മറന്നുവെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. നല്ല ദിനങ്ങൾ, പ്രതിവർഷം രണ്ട് കോടി ജോലികൾ, വികസിത ഭാരം എന്നിവയെല്ലാം ഇത്തരത്തിൽ പാലിക്കാൻ കഴിയാതെ പോയ ബി.ജെ.പിയുടെ വാഗ്ദാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കർണാടക സർക്കാറിനോട് സാമ്പത്തികമായി നടപ്പിലാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രം നടപ്പിലാക്കിയാൽ മതിയെന്ന് മല്ലികാർജുൻ ഖാർഗെ നിർദേശിച്ചിരുന്നു. ഇതിൽ വിമർശനം ഉന്നയിച്ച് മോദി രംഗ​ത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് രൂക്ഷമായത്.

Tags:    
News Summary - Cheap PR stunt: Mallikarjun Kharge hits back at PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.