ഷിയോപുർ: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ടു ചീറ്റപ്പുലികൾ ഉഷാറായിരിക്കുന്നുവെന്നും പോത്തിറച്ചി കഴിച്ച് ഉല്ലസിച്ചിരിക്കുകയാണെന്നും അധികൃതർ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ചീറ്റകൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇപ്പോൾ കഴിയുന്ന കേന്ദ്രത്തിൽ ഒരു മാസം പൂർത്തിയായതോടെ ഇവയെ പരിമിത രൂപത്തിൽ തുറന്നു വിടാനാണ് ആലോചിക്കുന്നത്. ദേശീയോദ്യാനത്തിൽ അഞ്ചു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ തയാറാക്കിയ വേലിക്കെട്ടിനുള്ളിലേക്കായിരിക്കും ഇവയെ മാറ്റുക. ഒന്നു രണ്ടു മാസത്തിനുള്ളിൽ പൂർണ വനമേഖലയിൽ ഇവയെ വിടുമെന്നും അധികൃതർ വ്യക്തമാക്കി.
'' ചീറ്റ സഹോദരങ്ങളായ ഫ്രെഡ്ഡിയും ആൾട്ടനും സഹോദരിമാരായ സാവന്നയും സാഷയും ഒബാനും പിന്നെയുള്ള സിബിലി, സൈസ എന്നിവയെല്ലാം ആരോഗ്യത്തോടെ കഴിയുന്നു. അഞ്ചു പെൺ ചീറ്റകളും മൂന്നു ആൺചീറ്റകളും അടങ്ങുന്ന സംഘം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച നിലയിലാണുള്ളതെന്ന് കുനോ ദേശീയോദ്യാനത്തിലുള്ള നമീബിയൻ ചീറ്റ വിദഗ്ധൻ വ്യക്തമാക്കിയിട്ടുണ്ട്'' - വന്യജീവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജെ.എസ്. ചൗഹാൻ പറഞ്ഞു. കഴിഞ്ഞ 17നാണ് ദേശീയോദ്യാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ തുറന്നുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.