ചെന്നൈ: ചെന്നൈ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഉച്ചഭാഷിണികളിലൂടെയുള്ള പൊതു അറിയിപ്പ് സംവിധാനം നിർത്തി. 150 വർഷം പഴക്കമുള്ള റെയിൽവേ സ്റ്റേഷനിൽ ഇനിമുതൽ ഉച്ചഭാഷിണികളിലൂടെയുള്ള അറിയിപ്പുകൾക്ക് പകരം അന്വേഷണ ബൂത്തുകളും യാത്രക്കാരെ അതത് ട്രെയിനുകളിലേക്ക് നയിക്കാൻ പ്രദർശന ബോർഡുകളുമാണുണ്ടാവുക. ഫെബ്രുവരി 26ന് പുതിയ സംവിധാനം നിലവിൽവന്നു.
ഉച്ചഭാഷിണി അറിയിപ്പ് ഇല്ലാതായതോടെ, യാത്രക്കാരെ സഹായിക്കാൻ അന്വേഷണ ബൂത്തുകളിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്നും ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ട്രെയിനുകളുടെ വരവും പോക്കും പ്രദർശിപ്പിക്കുന്ന വലിയ ഡിജിറ്റൽ സ്ക്രീനുകൾ സ്റ്റേഷനിലെ മൂന്ന് പ്രവേശന കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലാണ് അറിയിപ്പുകളുണ്ടാവുക.
അതേസമയം, തൊട്ടടുത്ത സ്റ്റേഷനിലെ സബർബൻ ട്രെയിനുകൾക്കായുള്ള പൊതു അറിയിപ്പ് സംവിധാനം തുടരും.
ഡിസ്പ്ലേ ബോർഡുകളിലെ പരസ്യങ്ങളിൽനിന്ന് ശബ്ദവും ഉണ്ടാകില്ല. വികലാംഗർക്ക്, പ്രത്യേകിച്ച് കാഴ്ചവൈകല്യമുള്ളവർക്ക് സ്റ്റേഷൻകവാടത്തിൽ ബ്രെയിൽ നാവിഗേഷൻ മാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.