ചെന്നൈ: തിങ്കളാഴ്ച ചെന്നൈ നഗരം ഉണര്‍ന്നത് ശക്തമായ കാറ്റും മഴയും കണ്ടാണ്. കഴിഞ്ഞവര്‍ഷത്തെ പ്രളയം ഓര്‍മയുള്ളതുകൊണ്ടായിരിക്കാം നഗരത്തിലെങ്ങും പതിവ് തിരക്കില്ല. തലേന്ന് തന്നെ ചെന്നൈ നഗരത്തില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. താമസിക്കുന്ന വേലപ്പന്‍ ചാവടിയിലെ ഫ്ളാറ്റിന് സമീപത്തെ ഹോട്ടലിലേക്ക് വിളിച്ചെങ്കിലും കട തുറന്നില്ളെന്ന് മറുപടി. സമീപത്തെ മറ്റ് ഹോട്ടലുകളും തുറക്കാത്തതിനാല്‍ ചായ കുടിക്കാന്‍ മാര്‍ഗമില്ല.
വാഹനവുമായി എത്താമെന്ന് പറഞ്ഞ സുഹൃത്തിനെ വിളിച്ചപ്പോള്‍ ശക്തമായ കാറ്റും മഴയുമാണെന്നും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടെന്നും അറിയിച്ചു. 11ഓടെ സുഹൃത്ത് വാഹനവുമായി എത്തിയശേഷമാണ് പുറത്തിറങ്ങി പ്രഭാതഭക്ഷണം കഴിക്കാനായത്. അപ്പോഴും കനത്ത മഴയും കാറ്റും തുടരുകയായിരുന്നു. സിറ്റിയില്‍ കടകളൊന്നും തുറന്നിരുന്നില്ല. റോഡില്‍ വാഹനങ്ങളും വളരെ കുറവ്. അങ്ങിങ്ങ് മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്. ചില പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിച്ചു. ഇടക്കിടെ എന്തിനും തയാറായി പൊലീസ് വാഹനങ്ങള്‍.
റോഡിന്‍െറ ഇരുവശങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുകിടക്കുന്നു. ഒടിഞ്ഞ മരങ്ങള്‍ നീക്കംചെയ്യുന്നുമുണ്ട്. കാറ്റ് ചിലയിടത്ത് ട്രാഫിക് സിഗ്നലുകളും തകര്‍ത്തു. വലിയ ബോര്‍ഡുകള്‍ റോഡില്‍ കിടക്കുന്നു. ചെറിയ ബോര്‍ഡുകള്‍ പട്ടംപോലെ പറക്കുന്നു. റോഡിലെ വെള്ളക്കെട്ട് മൂലം പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. ജനം പുറത്തിറങ്ങരുതെന്നും ശക്തമായ കാറ്റുവീശുമെന്നും റേഡിയോയിലൂടെ അറിയിപ്പ് വന്നുകൊണ്ടേയിരിക്കുന്നു. കാറ്റിന്‍െറ ശക്തി കൂടിയതോടെ ഫ്ളാറ്റിലേക്ക് മടങ്ങി.
ഹോട്ടലില്‍നിന്ന് ഉച്ചക്കുള്ള ഭക്ഷണം വാങ്ങി ഫ്ളാറ്റിലത്തെിയപ്പോള്‍ വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്തതരത്തില്‍ കാറ്റും മഴയും. വാഹനം മറിയുമോ എന്നുപോലും തോന്നി. ഉച്ചക്ക് രണ്ടോടെ കാറ്റിന്‍െറ ശക്തി കൂടി. മഴ കുറഞ്ഞു. ഇതിനിടെ മറ്റൊരു ഫ്ളാറ്റിന്‍െറ മുകളില്‍നിന്ന് വാട്ടര്‍ടാങ്ക് മറിഞ്ഞുവീണു. ഭാഗ്യത്തിന് അപകടമുണ്ടായില്ല. കാറ്റ് ശക്തിപ്പെട്ടാല്‍ വൈദ്യുതി മുടങ്ങുമെന്ന മുന്നിറിയിപ്പ് ഫലിച്ചു. വൈദ്യുതിയും വെള്ളവും ഒരുപോലെ ഇല്ലാതായി.
വൈകീട്ട് നാലിന് ശേഷം കാറ്റിന് അല്‍പം ശക്തികുറഞ്ഞു. ചായകുടിക്കാനായി റോഡില്‍ ഇറങ്ങിയപ്പോള്‍ ഉച്ചക്ക് തുറന്നിരുന്ന ഹോട്ടലുകളും അടച്ചനിലയിലായിരുന്നു. കുറച്ച് അകലെ ഒരു തട്ടുകട മാത്രം തുറന്നിരുന്നു. ബസുകള്‍ കോണ്‍വോയി പോലെ നിരത്തിലൂടെ നീങ്ങുന്നു.
സന്ധ്യക്കുള്ള തീവണ്ടിയില്‍ ധനുഷ്കോടി യാത്ര ലക്ഷ്യമിട്ടിരുന്നതാണ്. എന്നാല്‍, തീവണ്ടി റദ്ദാക്കി. പാളത്തില്‍ വെള്ളം കയറിയും മരങ്ങള്‍ വീണും ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. വിമാനങ്ങളും റദ്ദാക്കി. അത്യാവശ്യ ബസുകള്‍ ഒഴികെ മറ്റ് വാഹനങ്ങളുമില്ല. ജനജീവിതം ഏതാണ്ട് സ്തംഭിച്ച അവസ്ഥ.
വൈകീട്ട് ഭക്ഷണം കിട്ടാതായി. ഇടക്ക് ശക്തികുറഞ്ഞ കാറ്റിന് സന്ധ്യയോടെ വീണ്ടും വേഗതയായി. രാവിലെത്തേതില്‍നിന്ന് വ്യത്യസ്തമായി എതിര്‍ദിശയില്‍ നിന്നാണ് കാറ്റ് ആഞ്ഞ് വീശുന്നത്. വൈദ്യുതിയും വെള്ളവുമില്ലാതെയുമാണ് ഒരു ദിവസം പിന്നിടുന്നത്. ജനറേറ്ററുകള്‍ മാത്രമാണ് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.