ചെന്നൈ: അന്തരിച്ച ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ കൊല, കൊള്ള കേസുകളിൽ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കുരുക്കാൻ ഡി.എം.കെ ഗൂഢാലോചന നടത്തുന്നതായി അണ്ണാ ഡി.എം.കെ. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും നേതാക്കളായ ഒ.പന്നീർ െസൽവം, എടപ്പാടി പളനിസാമി എന്നിവർ പ്രസ്താവിച്ചു. അതേസമയം കേസിലെ ദുരൂഹത നീക്കി വസ്തുതകൾ പുറത്തുകൊണ്ടുവരുമെന്നത് ഡി.എം.കെ പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നും മടിയിൽ കനമുള്ളവർ മാത്രമേ ഭയക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ജയലളിതയുടെ മുൻ ഡ്രൈവറും സേലം സ്വദേശിയുമായ കനകരാജിെൻറ നിർദേശപ്രകാരമാണ് തൃശൂർ സ്വദേശിയായ കെ.വി. സയാൻ 11 അംഗ കൊള്ളസംഘത്തെ ഏർപ്പാടാക്കിയതെന്നാണ് ആരോപണം. സംഘത്തിലെ എല്ലാവരും മലയാളികളായിരുന്നു. 2017 ഏപ്രിൽ 23ന് രാത്രി കവർച്ചക്കെത്തിയ സംഘത്തെ തടയുന്നതിനിടെ സുരക്ഷ ജീവനക്കാരനായ ഒാം ബഹദൂർ കൊല്ലപ്പെട്ടു. കവർച്ചക്കുശേഷം നടന്ന തുടർമരണങ്ങൾ സംഭവത്തിെൻറ ദുരൂഹത വർധിപ്പിച്ചു. എസ്റ്റേറ്റിലെ അക്കൗണ്ടൻറ് ദിനേഷ്കുമാർ വസതിയിൽ തൂങ്ങിമരിച്ചു. കേസിലെ ഒന്നാംപ്രതി കനകരാജ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അടുത്തദിവസം സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാടിനു സമീപം അപകടത്തിൽപ്പെട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന നിർണായകമായ രേഖകൾ കടത്തിക്കൊണ്ടുവരാൻ എടപ്പാടി പളനിസാമിയാണ് കനകരാജിനെ നിയോഗിച്ചതെന്നാണ് ആരോപണം. കെ.വി.സയാൻ, വാളയാർ മനോജ് എന്നിവരുൾപ്പെടെ പത്ത് പ്രതികളാണ് അറസ്റ്റിലായത്. നാലുവർഷമായി ഉൗട്ടി ജില്ല കോടതിയിൽ കേസിെൻറ വിചാരണ നടക്കുന്നു. രണ്ടു വർഷമായി റിമാൻഡിൽ കഴിഞ്ഞിരുന്ന സയനും വാളയാർ മനോജിനും മദ്രാസ് ഹൈകോടതി ഇൗയിടെ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതിനിടെയാണ് കേസിെൻറ പുനരന്വേഷണമാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കോടതി അനുമതി നൽകിയതോടെ സയാൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തു. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിർദേശപ്രകാരമാണ് കനകരാജ് പ്രവർത്തിച്ചിരുന്നതെന്ന് സയാൻ മൊഴി നൽകിയതായാണ് വിവരം. പുനരന്വേഷണ റിപ്പോർട്ട് ആഗസ്റ്റ് 27ന് സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് 13ന്
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് സെപ്റ്റംബർ 13ന് തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 23ന് അണ്ണാ ഡി.എം.കെയിലെ എ. മുഹമ്മദ് ജാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിക്കാണ് ജയസാധ്യത. ഘടകകക്ഷിയായ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കാനാണ് ഡി.എം.കെ തീരുമാനം. കോൺഗ്രസിലെ മുതിർന്ന നേതാവായ ഗുലാംനബി ആസാദിനെ ഇൗ സീറ്റിൽനിന്ന് ജയിപ്പിച്ച് രാജ്യസഭയിലേക്ക് എത്തിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കും. അല്ലാത്തപക്ഷം തമിഴ്നാട്ടിലെ മുതിർന്ന നേതാക്കളിൽ ആർക്കെങ്കിലും നറുക്ക് വീഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.