ചെന്നൈയിൽ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുന്നു. ചെറിയ ഇടവേളക്കുശേഷം ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച മഴ മൂലം കടലോര ജില്ലകളിൽ  വെള്ളക്കെട്ട് രൂക്ഷമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അണ്ണാ സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഐ.ടി കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

തമിഴ് നാട്ടിൽ ഇന്നും ഇടവിട്ടുള്ള ശക്തമായ മഴ ഉണ്ടാകുമെന്നാണ്  കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ പവർകട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ മൂലം വലിയ ഗതാഗത തടസ്സമാണ് റോഡുകളിൽ അനുഭവപ്പെടുന്നത്. എന്നാൽ റെയിൽ-വ്യോമ ഗതാഗതത്തിന് തടസ്സം നേരിട്ടിട്ടില്ല. മറീന ബീച്ച് റോഡിൽ മുട്ടറ്റം വെള്ളത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി വരെ ചെന്നൈ നഗരത്തില്‍ പെയ്തത് 153 മില്ലിമീറ്റര്‍ മഴയാണ്. 2015 ലെ പ്രളയത്തിന് ശേഷം ചെന്നൈ കണ്ട ഏറ്റവും കനത്ത മഴയാണ് ഇന്നലെ പെയ്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പെട്ടെന്നുണ്ടായ കനത്ത മഴക്ക് കാരണം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും 115 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതായും മുഖ്യമന്ത്രി ഇ.പളനിസ്വാമി അറിയിച്ചു.

Tags:    
News Summary - Chennai Rain-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.