ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരെ 'അക്രമാസക്തരായ ഭ്രാന്തൻമാർ' (വയലന്‍റ് മാനിയാക്) എന്ന് പരാമർശിച്ച് ചോദ്യ പേപ്പർ. ചെന്നൈയിലെ ഒരു സി.ബി.എസ്.ഇ സ്കൂൾ സംഘടിപ്പിച്ച റിവിഷൻ ചോദ്യ പേപ്പറിലാണ് റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾ പ്രതിപാദിച്ചുെകാണ്ട് ഇത്തരത്തിൽ പരാമർശം ഉൾപ്പെട്ടത്.
"ഇത്തരം ഭീകര, അക്രമ പ്രവർത്തനങ്ങളെ അപലപിച്ചുകൊണ്ട്'' ഒരു ദിനപത്രത്തിന്‍റെ പത്രാധിപർക്ക് ഒരു കത്തെഴുതാനും "ബാഹ്യ പ്രേരണക്ക് വിധേയമായി പ്രവർത്തിക്കുന്ന ഇത്തരം 'അക്രമാസക്തരായ ഭ്രാന്തന്മാരെ' തടയുന്നതിനുള്ള നടപടികൾ" നിർദ്ദേശിക്കാനുമാണ് ചോദ്യപേപ്പറിൽ വിദ്യാർഥികളോട് ആവശ്യപ്പെടുന്നത്. ഫെബ്രുവരി 11ന് നടന്ന ഇംഗ്ലീഷ് ഭാഷാ, സാഹിത്യ വിഷയത്തിന്‍റെ രണ്ടാം റിവിഷൻ പരീക്ഷക്കായിരുന്നു ചോദ്യം വന്നത്.
''തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ അരങ്ങേറിയ അതി നിഷ്ഠൂരമായ ആക്രമണം പൗരൻമാരുടെ ഹൃദയത്തിൽ നിന്ദയും വെറുപ്പും നിറച്ചിരിക്കുകയാണ്. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ പട്ടാപകൽ പൊതുമുതൽ നശിപ്പിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. വ്യക്തിപരമായ നേട്ടങ്ങളേക്കാളും ആവശ്യങ്ങളേക്കാളും പ്രാധാന്യം രാജ്യത്തിനാണെന്ന കാര്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട, വില്ലൻമാരുടെ ഇത്തരം ഭീകര, അക്രമങ്ങളെ അപലപിച്ചുെകാണ്ട് നിങ്ങളുടെ നഗരത്തിലെ പത്രത്തിന്‍റെ എഡിറ്റർക്ക് കത്തെഴുതുക.
പൊതുമുതൽ നശിപ്പിക്കുക, ദേശീയ പതാകയെ അപമാനിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ചിലതാണ്. അവ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ബാഹ്യപ്രേരണയാൽ പ്രവർത്തിക്കുന്ന അത്തരം അക്രമാസക്തരായ ഭ്രാന്തൻമാർക്ക് തടയിടാൻ നിങ്ങളുടെ ഭാഗത്തുനിന്ന് പരിഹാര മാർഗം നിർദേശിക്കുക''-എന്നായിരുന്നു നൽകിയ പ്രവർത്തനം.
വിവാദ ചോദ്യപേപ്പർ സംഗീതജ്ഞനായ ടി.എം. കൃഷ്ണ ട്വീറ്റ് ചെയ്തു. ചോദ്യ പേപ്പർ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.