ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനെ (നീറ്റ്) നേരിടാൻ ഭയന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. 18 കാരനായ പി. ധനുഷ് ആണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടാൻ നീറ്റ് പരീക്ഷയിൽ യോഗ്യത നേടണം. തനിക്ക് അതിന് സാധിക്കില്ലെന്ന ഭയമാണ് ധനുഷിനെ മരണത്തിലേക്ക് നയിച്ചത്. പരീക്ഷക്ക് ആഴ്ചകൾ ശേഷിക്കെയാണ് മരണം.
'എനിക്ക് നീറ്റ് നേടാൻ ആകില്ല, എനിക്ക് പരീക്ഷ വിജയിക്കാനാകില്ല. എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി' - എന്ന് മരിക്കുന്നതിന് മുമ്പായി രക്ഷിതാക്കൾക്കും സഹോദരനും അയച്ച വിഡിയോ സന്ദേശത്തിൽ ധനുഷ് പറയുന്നു. മറ്റ് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗോത്ര വിഭാഗത്തിൽ നിന്നുള്ള ധനുഷിന് കഴിഞ്ഞ വർഷം സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ഫീസ് താങ്ങാൻ സാധിക്കാത്തതിനാൽ സർക്കാർ മെഡിക്കൽകോളജിൽ പ്രവേശനം ലഭിക്കുന്നതിനായി എൻട്രൻസ് പരീക്ഷക്ക് വേണ്ടി തയാറെടുക്കുകയായിരുന്നു. എന്നാൽ സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളിൽ അയക്കാനുള്ള സാമ്പത്തിക സ്ഥിതിയും കുടുംബത്തിന് ഉണ്ടായിരുന്നില്ല.
ഇതോടെ താൻ വിജയിക്കില്ലെന്ന നിരാശ ബാധിച്ചതാകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ ടോപ്പർമാരുൾപ്പെടെ 20 ഓളം പരീക്ഷാർഥികൾ നീറ്റിൽ ആവശ്യമായ മാർക്ക് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ തമിഴ്നാട് നീറ്റിനെതിരെ ശബ്ദമുയർത്തിയിരുന്നു. സാമ്പത്തികമായി ഉന്നതിയിലുള്ള കുട്ടികൾക്ക് മാത്രമേ നീറ്റ് മറികടക്കാൻ ആവശ്യമായ പരിശീലനം ഉൾപ്പെടെ ലഭിക്കുകയുള്ളുവെന്നും ദരിദ്രരും ഗ്രാമങ്ങളിൽ നിന്നുള്ളവരും പിന്തള്ളപ്പെടുമെന്നും തമിഴ്നാട് സർക്കാർ വാദിച്ചിരുന്നു.
കഴിഞ്ഞ ഒരു ദശകമായി തമിഴ്നാട് സർക്കാർ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു എം.ബി.ബി.എസ് പ്രവേശനം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.