ഛത്തിസ്ഗഢിലെ തുടർഭരണം കോൺഗ്രസിന് അത്യന്താപേക്ഷിതമാണ്. ഭൂപേഷ് ബാഘേലിന്റെ ക്ഷേമപദ്ധതികൾ പൊതുതെരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ കോൺഗ്രസിന് ചൂണ്ടിക്കാട്ടാനുള്ളതാണ്. തുടർഭരണ പ്രതീക്ഷയിൽതന്നെയാണ് പാർട്ടി. 90ൽ 68 സീറ്റ് നേടിയാണ് അധികാരത്തിൽ എത്തിയത്. ഇക്കുറി 75ന് മുകളിൽ എന്നതാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 60ന് മുകളിൽ ഉറപ്പാണെന്ന് കോൺഗ്രസ് നേതാക്കൾ സ്വകാര്യമായി പറയുന്നു. പ്രീപോൾ സർവേയും രാഷ്ട്രീയനിരീക്ഷകരും പറയുന്നത് 50ന് മുകളിലും.
ആദിവാസി, കർഷക, സ്ത്രീ വോട്ടർമാരിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. പിന്നാക്ക, പട്ടികജാതി-വർഗങ്ങൾക്ക് സർക്കാറിൽ മതിയായ പ്രാതിനിധ്യം നൽകിയിരുന്നു. ഇതെല്ലാം ഗ്രാമങ്ങളിലും അർധ നഗരപ്രദേശങ്ങളിലും പാർട്ടിയുടെ സ്വാധീനം പ്രകടമായി തന്നെ സ്ഥാപിക്കാൻ കോൺഗ്രസിനായി. വ്യാപാരരംഗത്ത് ഉണർവുണ്ടാക്കാനും സർക്കാറിനായി.
ബി.ജെ.പിയുടെ ദേശീയതാവാദത്തെ പ്രാദേശികവാദം കൊണ്ടുവന്ന് സർക്കാർ മറികടന്നു. ക്ഷേത്രങ്ങൾക്ക് ഫണ്ട് നൽകിയതും ഉത്സവങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തതുമെല്ലാം കഴിഞ്ഞതവണ ലഭിക്കാതിരുന്ന സവർണ വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ്. എന്നാൽ, ജാതി സർവേ പ്രഖ്യാപനത്തിൽ സവർണവിഭാഗങ്ങൾക്ക് കടുത്ത അമർഷമുണ്ട്. മദ്യഷാപ്പുകളുടെ എണ്ണം വർധിച്ചതും പി.എസ്.സി നിയമനത്തിൽ ഉയർന്ന ആരോപണവുമാണ് സർക്കാറിന് വെല്ലുവിളി.
ബാഘേലിന് എതിരാളായിരുന്ന ടി.എസ്. സിങ് ദേവിന് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഉപമുഖ്യമന്ത്രി പദവി നൽകിയും കേന്ദ്ര പ്രവർത്തകസമിതിയിൽ അംഗമാക്കിയും കോൺഗ്രസ് ദേശീയ നേതൃത്വം പ്രശ്നം പരിഹരിക്കുകയുണ്ടായി. പ്രദേശികതലത്തിൽ സീറ്റ് ലഭിക്കാത്തവരുടെ വിമതശല്യമുണ്ടെങ്കിലും ഏറക്കുറെ പരിഹരിച്ചു. സാമൂഹിക, ജാതിസമവാക്യം പഠിച്ചാണ് ഇത്തവണ സ്ഥാനാർഥികളെ തീരുമാനിച്ചത്. ഭരണകാലത്ത് അടിത്തട്ടിൽ പാർട്ടി സംവിധാനം ചലിപ്പിക്കാനായതും കോൺഗ്രസിന് നേട്ടമാകും.
മോദിയുടെ ഉറപ്പിലാണ് ബി.ജെ.പി വോട്ടുതേടുന്നത്. 2018ൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനുശേഷം 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ഒമ്പതും ബി.ജെ.പി പിടിച്ചെടുത്തിരുന്നു. മോദിക്ക് ലഭിച്ച വോട്ടാണ് ഇതെന്ന് ബി.ജെ.പിക്കറിയാം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് മോദിയെ ആശ്രയിച്ചാണ് ബി.ജെ.പി പ്രചാരണം. സംസ്ഥാനത്ത് ബി.ജെ.പിയുമായി അകന്ന ആർ.എസ്.എസിനെ ദേശീയനേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.
കോൺഗ്രസ് ഭരണകാലത്ത് ബെമെതാര, കബീർധാം ജില്ലകളിലുണ്ടായ വർഗീയകലാപങ്ങളും ആദിവാസി ആധിപത്യമേഖലകളിലെ ക്രൈസ്തവ മതപരിവർത്തനവും ബി.ജെ.പിയുടെ മുഖ്യപ്രചാരണ വിഷയമാണ്. ഇത് നാരായൺപുർ, കാങ്കർമേഖലകളിൽ ബി.ജെ.പിക്ക് നേട്ടമാകും.
മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ തെരഞ്ഞെടുപ്പ് സമയത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊണ്ടുവന്ന മഹാദേവ് ആപ് അഴിമതി ആരോപണം ബി.ജെ.പി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും നഗരങ്ങളിൽ മാത്രമാണ് ചർച്ചയായത്. പണപ്പെരുപ്പം, പാസഞ്ചർ ട്രെയിനുകളുടെ വൈകൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കാൻ കോൺഗ്രസിന് ആയത് ബി.ജെ.പിക്ക് വെല്ലുവിളിയായി. 2018ൽ ബി.ജെ.പിയെക്കാൾ 10 ശതമാനം അധികം വോട്ട് ലഭിച്ചിട്ടുണ്ട്. 46 സീറ്റുകൾ അധികവും. ഇത് മറികടക്കാനുള്ള ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് എവിടെയും കാണാനില്ല.
ആം ആദ്മി പാർട്ടി, സർവ് ആദിവാസി, ദൾ, ഗോണ്ടുവാന ഗന്ദൻത്ര പാർട്ടി, ബി.എസ്.പി, അജിത് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തിസ്ഗഢ്, സമാജ് വാദി പാർട്ടി, ഇടത് പാർട്ടികൾ പിടിക്കുന്ന വോട്ടുകൾ ജയപരാജയങ്ങളെ സ്വാധീനിക്കും. 2018ൽ ബി.എസ്.പി-ജനത കോൺഗ്രസ് ഛത്തിസ്ഗഢ്-സി.പി.ഐ സഖ്യം ഏഴ് സീറ്റുകൾ നേടിയിട്ടുണ്ട്. ഇക്കുറി ഇവർ ഒറ്റക്കാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.