ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ സ്ഫോടനത്തിൽ എട്ട് പൊലീസുകാരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. നക്സൽ വേട്ട കഴിഞ്ഞ് മടങ്ങിയ ജില്ല റിസർവ് ഗാർഡ് (ഡി.ആർ.ജി) സംഘം സഞ്ചരിച്ച വാഹനത്തിനു നേരെ തിങ്കളാഴ്ച ഉച്ച 2.15 ഓടെ അംബേലി ഗ്രാമത്തിലായിരുന്നു ആക്രമണമെന്ന് ബസ്തർ റേഞ്ച് ഐ.ജി പി. സുന്ദർരാജ് പറഞ്ഞു.
വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് ശക്തമായ സ്ഫോടനം നടത്തുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ വിഭാഗമാണ് ജില്ല റിസർവ് ഗാർഡ്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനം പൂർണമായി തകർന്നു.
ആദിവാസികളെയും കീഴടങ്ങിയ നക്സലൈറ്റുകളെയും ഉൾപ്പെടുത്തിയാണ് ജില്ല റിസർവ് ഗാർഡ് രൂപവത്കരിച്ചത്. നാരായൺപുർ, ദന്തേവാഡ, ബിജാപുർ ജില്ലകളിൽ മൂന്നു ദിവസത്തിനിടെ അഞ്ച് നക്സലൈറ്റുകളും റിസർവ് ഗാർഡ് ഹെഡ്കോൺസ്റ്റബിളും കൊല്ലപ്പെട്ടിരുന്നു.
2023 ഏപ്രിൽ 26ന് ബിജാപുരിന്റെ സമീപ ജില്ലയായ ദന്തേവാഡയിൽ സുരക്ഷസംഘം സഞ്ചരിച്ച വാഹനത്തിനു നേരെ നക്സലുകൾ നടത്തിയ സ്ഫോടനത്തിൽ 10 പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.