റായ്പുർ: ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ജില്ല കലക്ടർ. മർദനത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് ഛത്തീസ്ഗഡിലെ സൂരജ്പുർ ജില്ല കലക്ടർ രൺബീർ ശർമ മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.
'യുവാക്കളുടെ ധിക്കാരപരമായ പെരുമാറ്റത്തെ തുടർന്നാണ് താൻ പ്രകോപിതനായതെന്നും തുടർന്നാണ് മർദിച്ചതെന്നും കലക്ടർ പറഞ്ഞു. ആദ്യം യുവാവ് വാക്സിൻ സ്വീകരിക്കാൻ പോകുകയാണെന്നാണ് പറഞ്ഞത്. എന്നാൽ അതിെൻറ രേഖകൾ കൈവശമില്ലായിരുന്നു. പിന്നീട് മുത്തശ്ശിയെ കാണാൻ പോകുകയാണെന്നായിരുന്നു പ്രതികരണം.
വിഡിയോയിൽ കാണുന്ന വ്യക്തിയെ നിന്ദിക്കാനോ അപമാനിക്കാനോ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇൗ പകർച്ചവ്യാധി ഘട്ടത്തിൽ സൂരജ്പുർ ജില്ലയിലും ഛത്തീസ്ഗഡിലും നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. സംസ്ഥാന സർക്കാറിെൻറ എല്ലാ ജീവനക്കാരും ഇൗ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്.' -കലക്ടർ പറഞ്ഞു.
അക്രമത്തിെൻറ വിഡിയോ വൈറലായതോടെ സൂരജ്പുർ ജില്ല കലക്ടർ സ്ഥാനത്തുനിന്ന് റൺബീർ ശർമയെ ഉടൻ നീക്കണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ നിർദേശം നൽകിയിരുന്നു. കൂടാതെ നിരവധിപേരും കലക്ടർക്കെതിരെ രംഗത്തെത്തിയിരുന്നു. റൺബീറിന് പകരം ഗൗരവ് കുമാർ സിങ്ങിനെ നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു.
ലോക്ഡൗണിൽ പുറത്തിറങ്ങിയ യുവാവിനെ റൺബീർ സിങ്ങിെൻറ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുകയായിരുന്നു. ജില്ല കലക്ടർ മർദ്ദിക്കുന്നതിനൊപ്പം പൊലീസുകാർക്ക് അടിക്കാനും യുവാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകുകയും ചെയ്തിരുന്നു. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.
യുവാവിെൻറ ഫോൺ കലക്ടർ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക് എറിയുന്നതും മർദിക്കുന്നതും വിഡിയോയിൽ കാണാം. യുവാവിനെ ക്രൂരമായി മർദിക്കുന്നതിനിടെ ചില പേപ്പറുകൾ കലക്ടറെ കാണിക്കുന്നതും എന്തിനാണ് പുറത്തിറങ്ങിയതെന്ന് യുവാവ് വിളിച്ചുപറയുന്നതും വിഡിയോയിലുണ്ട്.
എന്നാൽ അതൊന്നും വകവെക്കാതെ പൊലീസിനോട് അടിക്കാൻ ആവശ്യപ്പെടുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു കലക്ടർ. പിന്നീടും മർദനം തുടരുകയും യുവാവിനെ വാഹനത്തിൽ കയറ്റികൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ നടത്തുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തി. ജില്ല കലക്ടറുടെ നടപടി നിന്ദ്യവും അയോഗ്യത കൽപ്പിക്കാവുന്നതുമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻറർ സ്റ്റേറ്റ് കൗൺസൽ സെക്രട്ടറിയറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.