ചിത്രം: https://indianexpress.com

സി.ആർ.പി.എഫ്​ ക്യാമ്പിനെതിരെ പ്രതിഷേധിച്ചവർക്ക്​ നേരെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ മൂന്ന്​ മരണം; പ്രക്ഷോഭം കനക്കുന്നു

റായ്​പൂർ: തിങ്കളാഴ്ച ഛത്തിസ്​ഗഢിലെ സി.ആർ.പി.എഫ്​ ക്യാമ്പിനെതിരെ പ്രതിഷേധിച്ച ആദിവാസികൾ നേരെ നടന്ന പൊലീസ്​ വെടി​െവപ്പിൽ മൂന്ന്​ പേർ കൊല്ലപ്പെട്ട സംഭവത്തിന്​ പിന്നാലെ ​പ്രക്ഷോഭം ശക്തമാകുന്നു.

സുക്മ ജില്ലയിലെ സിൽഗർ ഗ്രാമത്തിനടുത്ത്​ പുതുതായി സ്ഥാപിതമായ സി‌.ആർ.‌പി.‌എഫ് സുരക്ഷ ക്യാമ്പിൽ നിന്ന് പുറപ്പെടുന്ന റോഡിൽ തിങ്കളാഴ്ചയാണ്​ പൊലീസ്​ വെടിവെപ്പുണ്ടായത്​. നാലുദിവസമായി സുക്​മയിലെയും ബിജാപൂരിലെയും 30 ഗ്രാമങ്ങളിൽ നിന്നുള്ള ആദിവാസികൾ ക്യാമ്പിന്​ പുറത്ത്​ പ്രതിഷേധിക്കുകയായിരുന്നു.

'ഞങ്ങൾ നാല് ദിവസമായി ഇവിടെ പ്രതിഷേധിക്കുകയാണ്​. കൈയ്യിലുണ്ടായിരുന്ന റേഷൻ തീർന്നു. അതിനാൽ ക്യാമ്പിനെതിരെ ഒരു മെമ്മോറാണ്ടം കൈമാറാമെന്ന് കരുതി. അവർ ഇനിയും ക്യാമ്പ്​ നീക്കത്തിൽ നിന്ന്​ പിന്തിരിഞ്ഞില്ലെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ മടങ്ങിയെത്താനാണ്​ തീരുമാനം' -പ്രതിഷേധക്കാരിൽ ഒരാളായ 65കാരനായ കോർസ സോമരു പറഞ്ഞു. എന്നാൽ പൊലീസ് തങ്ങളിൽ പെട്ട മൂന്ന്​ പേരുടെ ജീവനെടുത്തിനാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ്​ അവരുടെ തീരുമാനം.

പ്രതിഷേധം അവസാനിപ്പിക്കാൻ സുരക്ഷാ സേന വെടിയുതിർത്തുവെന്ന് ആദിവാസികൾ പറയുമ്പോൾ, പ്രതിഷേധക്കാരുടെ ഇടയിൽ നുഴഞ്ഞുകയറിയ നക്സലുകൾ സിൽഗർ ക്യാമ്പ്​ ആക്രമിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. 'ഞങ്ങളുടെ ആളുകൾ വെടിവെച്ച്​ സ്​ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു' -ബസ്​തർ ഐ.ജി പി. സുന്ദർരാജ്​ പറഞ്ഞു.

സിൽഗറിനും ജഗർഗുണ്ടക്കും ഇടയിലുള്ള സി.ആർ.പി.എഫ്​ ഔട്ട്​പോസ്റ്റ്​ വർഷങ്ങൾക്ക്​ മു​േമ്പ പണി തുടങ്ങിയതാണ്​. എന്നാൽ ഇക്കഴിഞ്ഞ മേയ്​ 12നാണ്​ ഇത് പ്രവർത്തനക്ഷമമായത്​. ഇത്​ സമീപത്തെ 30 ഗ്രാമങ്ങളിലുള്ള ആദിവാസികളുടെ ​പ്രതിഷേധത്തിന്​ വഴിവെച്ചു. ഗ്രാമീണരെ നക്​സലുകൾ ഇളക്കിവിടുകയാണെന്നാാണ്​ പൊലീസ്​ പറയുന്നത്​.

തങ്ങളുടെ ഭൂമി തട്ടിയെടുത്താണ്​ ക്യാമ്പ്​ സ്​ഥാപിച്ചതെന്ന്​ കാണിച്ച്​ സിൽഗർ ഗ്രാമത്തിൽ നിന്നുള്ളവരാണ്​ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്​. ശേഷം ഇത്​ അയൽപ്രദേശങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു.

'ഒരു ആശുപത്രിക്കോ അല്ലെങ്കിൽ സ്കൂളിനോ ഞങ്ങൾ ഭൂമി ദാനമായി നൽകുമായിരുന്നു. റോഡ് നിർമാണത്തിനായി വിന്യസിച്ചിരിക്കുന്ന സേനയെയും ഞങ്ങൾ കാര്യമാക്കുന്നില്ല. പക്ഷേ ഞങ്ങൾക്ക് ഇവിടെ ഒരു ക്യാമ്പ് ആവശ്യമില്ല. ഇത് സ്ഥാപിതമായി കഴിഞ്ഞാൽ ഞങ്ങളുടെ സഞ്ചാരം മുതൽ ആചാരങ്ങൾ വരെ എല്ലാം നിരീക്ഷണത്തിന്​ കീഴിലാകും. നക്‌സലുകളെയും പൊലീസിനെയും ഭയന്ന് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' -പ്രതിഷേധക്കാരനായ സുനിൽ കോർസ പറഞ്ഞു. 35 അംഗ കുടുംബത്തിലെ അംഗമായ ​കോർസയുടെ 10 ഏക്കർ ഭൂമിയിലെ ആറ്​ ഏക്കർ ക്യാമ്പിനായി ഏറ്റെടുത്തിരിക്കുകയാണ്​.

സ്​ത്രീയടക്കം അഞ്ച്​പേരെ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. മരിച്ചവരെ തിരിച്ചറിഞ്ഞില്ലെന്ന​ കാരണം പറഞ്ഞ്​ മൃതദേഹങ്ങൾ ഇതുവരെ കൈമാറിയിട്ടില്ല. ചുട്​വായിൽ നിന്നുള്ള കാവാസി വാഗ (37), ഗുൻഡാമിൽ നിന്നുള്ള കോർസ ഭീമ (32), തിമ്മപുരത്ത്​ നിന്നുള്ള ഉയ്​ക മുരളി (22) എന്നിവരാണ്​ മരിച്ചവരെന്ന്​ പ്രതിഷേധക്കാർ വ്യക്തമാക്കി.

പൊലീസ്​ അതിക്രമത്തിൽ 18 പേർക്ക്​ പരിക്കേറ്റു. 11 പേരെ സുക്​മ ഫീൽഡ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഏഴുപേരെ ബിജാപൂർ ജില്ല ആശുപത്രിയിലാക്കി​.

Tags:    
News Summary - Chhattisgarh: Three dead in police firing on protest aginst crpf camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.