ന്യൂഡൽഹി: കേന്ദ്രസർക്കാർ വാദഗതികളുടെ മുനയൊടിച്ചാണ് സുപ്രീംകോടതി രാജ്യദ്രോഹ നിയമം മരവിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കോളനിവാഴ്ചക്ക് ഉതകുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്ന് കേന്ദ്രസർക്കാർതന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഇടക്കാല വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.
ഇന്നത്തെ കാലത്തിന് യോജിച്ചതല്ല രാജ്യദ്രോഹ നിയമ കാർക്കശ്യങ്ങളെന്ന നിരീക്ഷണത്തോട് യോജിച്ചുകൊണ്ടാണ് പുനഃപരിശോധനക്ക് കേന്ദ്രസർക്കാർ തയാറായതെന്നും കോടതി കൂട്ടിച്ചേർത്തു. ഒരു വശത്ത് ഭരണകൂടത്തിന്റെ ചുമതലയും മറുവശത്ത് പൗരസ്വാതന്ത്ര്യവും സന്തുലിതമായി കണക്കിലെടുക്കേണ്ടതുണ്ട്. 1898ലെ പഴയ വ്യവസ്ഥയാണ് ഇന്നും തുടരുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹനുമാൻ ചാലീസ ചൊല്ലിയതിന് കേസെടുത്തതുപോലെ ദുരുപയോഗത്തിലെ സംഭവങ്ങൾ അറ്റോണി ജനറലും എടുത്തു പറഞ്ഞു. അതുകൊണ്ട് നിയമവ്യവസ്ഥ പുനഃപരിശോധന കഴിയും വരെ ഉപയോഗിക്കാതിരിക്കുന്നതാണ് ശരി -ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്നതിനാൽ കോടതിയിലെ വിചാരണ നടപടികൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞ പല കാര്യങ്ങളും എടുത്തുകാട്ടിയാണ് സുപ്രീംകോടതി വിധി.
പൗരസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സത്യവാങ്മൂലം വിശദീകരിച്ചിട്ടുണ്ടെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ കോളനിവാഴ്ചയുടെ വിഴുപ്പ് കഴിവതും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് നിയമം പുനഃപരിശോധിക്കാനുള്ള താൽപര്യം സർക്കാർ കോടതിയെ അറിയിച്ചതെന്നും വിധിയിൽ എടുത്തുപറഞ്ഞു.
അരമണിക്കൂർ നടപടി നിർത്തി
ന്യൂഡൽഹി: വിവാദ രാജ്യദ്രോഹ നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കൂടിയാലോചനക്ക് അര മണിക്കൂർ കോടതി നടപടി നിർത്തിവെച്ചത് ശ്രദ്ധേയമായി. സർക്കാർ ബദൽനിർദേശം മുന്നോട്ടുവെച്ച് മരവിപ്പിക്കലിനെ എതിർത്ത സന്ദർഭത്തിലായിരുന്നു ഇത്. പിന്നാലെ കൂടിയ കോടതിയിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.