'തമിഴ്നാട് ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു'; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണമെന്ന് അന്ത്യശാസനം

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡി.എം.കെ നേതാവ് കെ. പൊന്മുടിയെ മന്ത്രിയാക്കാൻ ഗവർണർ വിസമ്മതിച്ച സംഭവത്തിലാണ് വിമർശനം. ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

'ഗവർണറുടെ പെരുമാറ്റത്തിൽ കോടതിക്ക് ഗൗരവകരമായ ആശങ്കയുണ്ട്. പരമോന്നത കോടതിയെ ഗവർണർ വെല്ലുവിളിക്കുകയാണ്. ഗവർണർക്ക് തീരുമാനമെടുക്കാൻ നാളെ കൂടി സമയമുണ്ട്. അത് കഴിഞ്ഞാൽ ഞങ്ങൾ ഇങ്ങനെയായിരിക്കില്ല പറയുക' -ചീഫ് ജസ്റ്റിസ് പറഞ്ഞു.

തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. പൊന്മുടിയെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈകോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചു. എന്നാൽ, ഈ ശിക്ഷ കഴിഞ്ഞയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ ഇദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കാൻ ഡി.എം.കെ സർക്കാർ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ തീരുമാനത്തിൽ ഗവർണർ വിസമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. തുടർന്നാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും കോടതി ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനമുന്നയിച്ചതും.

സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്തിട്ടുമാത്രമേയുള്ളൂവെന്നും പൊന്മുടിയെ കുറ്റമുക്തനാക്കിയിട്ടില്ലെന്നുമാണ് നേരത്തെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മന്ത്രിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കെ ഗവർണർക്ക് അതിൽ മറ്റൊരു തീരുമാനം കൈക്കൊള്ളേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കരുണാനിധി മന്ത്രിസഭയിൽ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊൻമുടി 2006 - 2010 കാലത്ത് 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. കേസിൽ കീഴ്‌ക്കോടതി ഇദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. തുടർന്ന് അദ്ദേഹം രാജിവെച്ചു. എന്നാൽ, ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. 

Tags:    
News Summary - Chief Justice blasts Tamil Nadu Governor: 'He is defying Supreme Court'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.