ന്യൂഡൽഹി: അവസാന പ്രവൃത്തിദിനത്തിൽ വൈകാരികമായി പ്രതികരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. നാളെ മുതൽ തനിക്ക് കേസുകളിൽ വിധി പുറപ്പെടുവിക്കാനാവില്ല. എന്നാൽ, താൻ പൂർണമായും സംതൃപ്തനാണെന്ന് ചന്ദ്രചൂഢ് പറഞ്ഞു.
വിരമിക്കൽ ചടങ്ങ് എപ്പോൾ തുടങ്ങണമെന്ന് എന്നോട് ചോദിച്ചപ്പോൾ തീർപ്പുകൽപ്പിക്കാത്ത ഒരുപാട് കേസുകൾ ഉള്ളതിനാൽ ഉച്ചക്ക് ശേഷം രണ്ട് മണി എന്ന് ഞാൻ പറഞ്ഞു. പിന്നീട് ഞാൻ സ്വയം ആശ്ചര്യപ്പെട്ടു. ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ആരെങ്കിലും ഇവിടെ ഉണ്ടാകുമോ, അതോ താൻ സ്വന്തം മുഖം സ്ക്രീനിൽ നോക്കി നിൽക്കേണ്ടി വരുമോയെന്നാണ് ചിന്തിച്ചത്.
ജോലി ചെയ്യാനായി വരുന്ന തീർഥാടകരാണ് നമ്മൾ. ജോലി ചെയ്യുന്ന സമയത്ത് നമ്മൾ കേസുകൾ തീർപ്പാക്കുന്നു. ഇവിടെ ഒരുപാട് പ്രഗൽഭരായ ജഡ്ജിമാർ ബാറ്റൺ നൽകാനായി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഇവിടെ നിന്നും പോയാലും കോടതിയിൽ ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല. ജസ്റ്റിസ് സഞ്ജീവ് ഖന്ന താൻ ചെയ്ത കടമകൾ നിർവഹിക്കാനായി എത്തും.
തന്റെ ജഡ്ജിയായുള്ള യാത്രയിൽ എല്ലാവരോടും താൻ നന്ദി പറയുകയാണ്. നിയമത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരുപാട് കാര്യങ്ങൾ നിങ്ങൾ എന്നെ പഠിപ്പിച്ചു. എന്റെ ഏതെങ്കിലും പ്രവൃത്തികൾ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്. ഒരാളേയും മനപ്പൂർവം വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസാന ദിവസത്തിൽ ഡി.വൈ ചന്ദ്രചൂഢിന് അഭിഭാഷകർ യാത്രയയപ്പ് നൽകിയിരുന്നു. ഡി.വൈ ചന്ദ്രചൂഢിന്റെ പിൻഗാമി സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ജെ.പി പാർദിവാല, മനോജ് മിശ്ര എന്നിവരും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.