ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വിവാദ പാരമ്പര്യം തുടർന്നും ചർച്ച ചെയ്യപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ചീഫ് ജസ്റ്റിസിനോട് കടുത്ത നിരാശയുണ്ടെന്നും രണ്ടു ബില്ലുകളുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടുവെച്ച ഹരജികൾ പരാമർശിച്ച് കമ്യൂണിക്കേഷൻസ് ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ‘എക്സി’ലെ പോസ്റ്റിൽ പ്രതികരിച്ചു.
‘ഇന്ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തി ദിനമാണ്. അദ്ദേഹത്തിന്റെ ‘പൈതൃകം’ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളിലെങ്കിലും പ്രധാന ഹരജിക്കാരൻ എന്ന നിലയിൽ വ്യക്തിപരമായി ഞാൻ കടുത്ത നിരാശയിലാണ്. അതിലൊന്ന് 2018 സെപ്റ്റംബറിലെ വിയോജിച്ചുകൊണ്ടുള്ള വിധിയിൽ ‘മണി ബിൽ’ എന്ന് വിശേഷിപ്പിച്ച് ആധാർ ബിൽ പാസാക്കിയതിനെ ‘ഭരണഘടനയോടുള്ള വഞ്ചന’ എന്ന് വിശേഷിപ്പിച്ച ധീരനായ ജഡ്ജ്, മോദി ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന നിയമനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ഒരിക്കലും ഒരു ഫുൾ ബെഞ്ച് രൂപീകരിച്ചില്ല എന്നതാണ്. ഭരണഘടനയുടെ 110ാം വകുപ്പ് പ്രകാരം ഒരു മണി ബിൽ എന്ന നിലയിൽ ഇത് അവതരിപ്പിച്ചത് സർക്കാറിന് ചർച്ചക്ക് വെക്കാതിരിക്കാൻ ആയിരുന്നുവെന്നും രമേശ് പറഞ്ഞു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം ചന്ദ്രചൂഢ് ഇക്കാര്യം പരിശോധിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
‘രണ്ടാമതായി വിവരാവകാശ നിയമത്തിലെ മോദി സർക്കാറിന്‍റെ വിനാശകരമായ ഭേദഗതികളെക്കുറിച്ചുള്ള എന്റെ വെല്ലുവിളി ഇപ്പോൾ നാല് വർഷത്തിലേറെയായി പരിഗണനക്കും വിധിക്കുമായി കാത്തു കിടക്കുകയാണ്’- രമേശ് പറഞ്ഞു.
2022 നവംബർ എട്ടിനാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. വെള്ളിയാഴ്ചയാണ് അവസാന പ്രവൃത്തി ദിവസം. 65 വയസ്സ് പൂത്തിയാക്കി സ്ഥാനമൊഴിയുന്ന അദ്ദേഹത്തിനുശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന നവംബർ 11 മുതൽ ഇന്ത്യയുടെ 51ാമത് ചീഫ് ജസ്റ്റിസാകും.
തിങ്കളാഴ്ച ‘ഇന്ത്യൻ എക്‌സ്‌പ്രസ് ഗ്രൂപ്’ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നാൽ എല്ലായ്‌പ്പോഴും സർക്കാറിനെതിരായ വിധി പ്രസ്താവിക്കുന്നതല്ലെന്ന് ചന്ദ്രചൂഢ് പറഞ്ഞിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് കോടതികളിൽ സമ്മർദം ചെലുത്തി അനുകൂല വിധി സമ്പാദിക്കാൻ ശ്രമിക്കുന്ന സമ്മർദ ഗ്രൂപ്പുകളുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
‘പരമ്പരാഗതമായി ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ എക്സിക്യുട്ടീവിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നാണ് നിർവചിച്ചിരുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നാൽ സർക്കാറിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. എന്നാൽ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ അത് മാത്രമല്ല. നമ്മുടെ സമൂഹം മാറിയിരിക്കുന്നു. പ്രത്യേകിച്ചും സോഷ്യൽ മീഡിയയുടെ വരവോടെ. അനുകൂലമായ തീരുമാനങ്ങൾക്കായി കോടതികളിൽ സമ്മർദം ചെലുത്താൻ ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് താൽപര്യമുള്ള ഗ്രൂപ്പുകളും സമ്മർദ്ദ ഗ്രൂപ്പുകളും നിങ്ങൾ കാണുന്നു’-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.