ലഖ്നോ: പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന വിവാദ നിർദേശവുമായി യു.പി വനിത കമീഷൻ. സ്ത്രീകളെ മോശം സ്പർശനത്തിൽ നിന്നും തടയുന്നതിന് വേണ്ടിയാണ് നിർദേശമെന്നാണ് യു.പി വനിത കമീഷന്റെ വിശദീകരണം.
വനിതകളെത്തുന്ന ജിമ്മിൽ ട്രെയിനർമാരായി വനിതകൾ തന്നെ വേണമെന്ന നിർദേശവും യു.പി വനിത കമീഷൻ അധ്യക്ഷ ബബിത ചൗഹാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ജിമ്മുകളിലെ ട്രെയിനർമാർ പൊലീസ് വെരിഫിക്കേഷൻ നടത്തണം. പുരുഷ ട്രെയിനർമാർ ട്രെയിനിങ് നടത്തുന്നതിൽ വനിതകൾക്ക് വിരോധമില്ലെങ്കിൽ അവരിൽ നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും നിർദേശമുണ്ട്.
ഒക്ടോബർ 28ന് സംഘടിപ്പിച്ച ഒരു മീറ്റിങ്ങിലാണ് വനിത കമീഷൻ അധ്യക്ഷയുടെ പരാമർശം. ജിമ്മിലെ ചൂഷണങ്ങളെ കുറിച്ച് നിരവധി വനിതകൾ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കമീഷൻ പറഞ്ഞു. തയ്യൽക്കടകളിൽ അളവെടുക്കാൻ വനിതകളെ തന്നെ നിയോഗിക്കണം. സ്കൂൾ ബസുകളിൽ ഒരു വനിത ജീവനക്കാരിയെങ്കിലും വേണം.
കോച്ചിങ് സെന്ററുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് നിയമനിർമാണത്തിന് സംസ്ഥാന സർക്കാറിന് നിർദേശം നൽകുമെന്നും വനിത കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.