ചണ്ഡിഗഢ്: ഒറ്റ സ്ഥാനാർഥിത്വം. ലക്ഷ്യം പലത്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ രണ്ടിടത്ത് മത്സരിപ്പിക്കുന്നതിലൂടെ പല നേട്ടങ്ങളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി ബർണാല ജില്ലയിലെ ബദൗർ മണ്ഡലത്തിൽ ചന്നി നാമനിർദേശ പത്രിക നൽകി. ഇവിടെ മത്സരിക്കാൻ പാർട്ടി തന്നോട് നിർദേശിച്ചതായി പത്രിക സമർപ്പിച്ച ശേഷം ചന്നി പറഞ്ഞു. അമരീന്ദർ സിങ്ങും പ്രകാശ് സിങ് ബാദലും ഭരണസാരഥ്യത്തിൽ ഉണ്ടായിരുന്നെങ്കിലും പ്രദേശം വികസനത്തിൽ പിന്നാക്കമായിരുന്നു. മാൾവ മേഖലയിലെ ജനങ്ങൾ തന്നെ കൃഷ്ണനെപ്പോലെ പരിപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചന്നി പറഞ്ഞു.
ചാംകൗർ സാഹിബ് സീറ്റിൽ തോൽക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പഞ്ചാബിലെ ഏതെങ്കിലും മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കാൻ എ.എ.പി നേതാവിനെ ചന്നി ക്ഷണിച്ചു.
സിറ്റിങ് സീറ്റായ ചാംകൗർ സാഹിബ് മണ്ഡലത്തിന് പുറമെയാണ് സംവരണ മണ്ഡലമായ ബദൗറിൽ ചന്നി മത്സരിക്കുന്നത്. രണ്ട് സീറ്റിൽ ചന്നിയെ മത്സരിപ്പിക്കുന്നതിലൂടെ, സൻഗ്രൂർ, ബർണാല ജില്ലകളിലെ ദലിത് വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. രാഷ്ട്രീയമായി പ്രാധാന്യമുള്ള മാൾവ മേഖലയിൽ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കലും ലക്ഷ്യമിടുന്നു. മണ്ഡലത്തിലെ ദലിത് സാന്നിധ്യം അനുകൂലമെന്ന് പാർട്ടി കരുതുന്നു.
സൻഗ്രൂർ, ബർണാല ജില്ലകളിലെ ആം ആദ്മി പാർട്ടി സ്വാധീനം തടയാനുള്ള ശ്രമവും നീക്കത്തിനുപിന്നിലുണ്ട്. എ.എ.പി എം.പിയും പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ഭഗവന്ത് മാൻ പ്രതിനിധാനം ചെയ്യുന്ന സൻഗ്രൂർ പാർലമെന്റ്മണ്ഡലത്തിൽ പെടുന്ന ബർണാല, മെഹൽ കലാൻ, ബദൗർ നിയമസഭ മണ്ഡലങ്ങളാണ് ബർണാല ജില്ലയിലുള്ളത്. കഴിഞ്ഞ വർഷം അമരീന്ദർ സിങ്ങിന് പകരം വന്ന ചന്നി, പട്ടികജാതി വിഭാഗത്തിൽനിന്നുള്ള പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.