കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സംസ്ഥാനത്തിന്റെ അധീനതയിലുള്ള എല്ലാ സർവകലാശാലകളിലും ചാൻസലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന നിർദേശം മന്ത്രിസഭ അംഗീകരിച്ചു.
ജൂൺ പത്തിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കും. ബിൽ പാസാകുന്നതോടെ, ഗവർണർ ജഗ്ദീപ് ധൻഖറിന് സർവകലാശാലകളിലെ ചാൻസലർ പദവി നഷ്ടമാകും. മമത ബാനർജിയുടെ കൈയിൽ ആ സ്ഥാനമെത്തും. ഗവർണറെ സ്വകാര്യ സർവകലാശാലകളിലെ 'വിസിറ്റർ' പദവിയിൽനിന്ന് നീക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഈ സ്ഥാനത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെ നിയമിക്കും. അതിനിടെ, രാജസ്ഥാനും സമാന നടപടിയുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാനത്തിന്റെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന 28 സർവകലാശാലകളിൽ ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകാനുള്ള നിയമത്തിന് രൂപം നൽകാനുള്ള ആലോചനയിലാണ് അവർ. ഇതു പ്രാബല്യത്തിലാകുന്നതോടെ ഇപ്പോൾ ചാൻസലറായ ഗവർണർ 'വിസിറ്റർ' ആയി മാറും. അതോടെ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണർക്ക് പങ്കില്ലാതാകും.
സർക്കാറും രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയും തമ്മിൽ പലതവണ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. മറ്റു പല ബി.ജെ.പി ഇതര സർക്കാറുകളും സമാന നിയമനിർമാണത്തിനുള്ള ആലോചനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.