ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ വാതിൽ പരസ്പരം കൊട്ടിയടക്കുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ചൈനയിൽനിന്നുള്ള മാധ്യമ പ്രവർത്തകരെ വേണ്ട. ഇന്ത്യയിൽനിന്നുള്ള മാധ്യമ പ്രവർത്തകരുടെ പ്രവർത്തനം തങ്ങളുടെ മണ്ണിൽ വേണ്ടെന്ന് ചൈനയും തീരുമാനിച്ചു. പരിമിത മാധ്യമ സ്വാതന്ത്ര്യം മാത്രമാണ് അനുവദിച്ചിട്ടുള്ളതെങ്കിലും, ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥകൂടിയാണ് ചൈന.
പരസ്പര ബന്ധങ്ങൾ മോശമായതിന്റെ പുതിയ പരിണതിയാണ് മാധ്യമ പ്രവർത്തകർക്കുള്ള വിലക്ക്. ബെയ്ജിങ്ങിലുണ്ടായിരുന്ന ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ വിസ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്ന് ചൈനയും, ഡൽഹിയിലുണ്ടായിരുന്ന ചൈനീസ് മാധ്യമ പ്രവർത്തകരുടെ വിസ കാലാവധി നീട്ടിക്കൊടുക്കേണ്ടെന്ന് ഇന്ത്യയും തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് ബെയ്ജിങ്ങിലുള്ള അവസാനത്തെ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഈ മാസം ചൈന വിടണം. ഇന്ത്യയിൽ അവശേഷിക്കുന്നത് ഒരാൾ.
ഇതു സംഭവിക്കുന്നത് ജി20 ഉച്ചകോടിക്ക് ഇന്ത്യ തയാറെടുക്കുന്നതിനിടയിലാണ്. ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങും സെപ്റ്റംബറിലെ ഉച്ചകോടിക്ക് ഇന്ത്യയിൽ എത്തേണ്ടതാണ്. പുറമെ, ഷാങ്ഹായ് സഹകരണ സംഭാഷണങ്ങളും ഇവിടെ നടക്കാനിരിക്കുകയാണ്.
14 ചൈനീസ് മാധ്യമ പ്രവർത്തകർക്ക് ഇന്ത്യ വിസയും അക്രഡിറ്റേഷനും നൽകിവന്നിരുന്നു. അതിർത്തി സാഹചര്യങ്ങൾ കലങ്ങിയതിനൊത്ത് ഇവരുടെ വിസ പുതുക്കാതെയായി. അവശേഷിച്ചത് സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നീ രണ്ട് സ്ഥാപനങ്ങളുടെ മാധ്യമ പ്രവർത്തകർ മാത്രമായിരുന്നു. അവർക്കും ഒടുവിൽ വിസ കാലാവധി നീട്ടിക്കൊടുത്തില്ല. യുദ്ധകാലത്ത് ഇത്തരത്തിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കുണ്ടായിരുന്നെങ്കിലും, എൺപതുകൾക്ക് ശേഷം ചൈനീസ് മാധ്യമ പ്രവർത്തകരുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞിട്ടില്ല.
ഇന്ത്യയിൽ തങ്ങളുടെ മാധ്യമ പ്രവർത്തകരോട് വിവേചനപരമായി പെരുമാറുന്നുവെന്ന വിശദീകരണത്തോടെയാണ് ഒടുവിലത്തെ ഇന്ത്യൻ മാധ്യമ പ്രവർത്തകനെയും ചൈന പുറന്തള്ളുന്നത്. വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ലേഖകനാണ് വിസ പുതുക്കിനൽകാത്തത്. ഈ വർഷാരംഭം നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകർ ബെയ്ജിങ്ങിൽ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ദ ഹിന്ദുസ്ഥാൻ ടൈംസ് ലേഖകൻ മടങ്ങിയത്. പ്രസാർ ഭാരതി, ദ ഹിന്ദു എന്നിവയുടെ ലേഖകർക്ക് ഏപ്രിൽ മുതൽ വിസ പുതുക്കിനൽകിയില്ല.
ഇന്ത്യയും പാകിസ്താനും മാധ്യമ പ്രവർത്തകർക്ക് വിസ നൽകുന്ന ഏർപ്പാട് വർഷങ്ങൾക്കു മുമ്പേ നിർത്തി. പി.ടി.ഐ, ദ ഹിന്ദു എന്നിവയുടെ മാധ്യമ പ്രവർത്തകരാണ് പാകിസ്താനിലുണ്ടായിരുന്നത്. ബി.ബി.സി, അൽ-ജസീറ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ ഇന്ത്യൻ സർക്കാറിന്റെ രീതികളിൽ അതൃപ്തരാണ്. ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക് 180ൽ 161ാം സ്ഥാനമാണ്. മാധ്യമ പ്രവർത്തനത്തിലും പൗരസ്വാതന്ത്ര്യത്തിലും ലോകത്തുതന്നെ ഏറെ പിന്നിലാണ് ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.