ബെയ്ജിങ്: ദ്വിമുഖ യുദ്ധത്തിന് ഇന്ത്യ സജ്ജമാകണമെന്ന സൈനിക മേധാവി ബിപിൻ റാവത്തിെൻറ പ്രസ്താവനക്കെതിരെ ചൈന. പ്രസ്താവന അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ട വിദേശകാര്യ വക്താവ് ജെങ് ഷുവാങ്, ബ്രിക്സ് ഉച്ചകോടിക്ക് ചൈനയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ ദോക്ലാം വിഷയത്തിലുണ്ടാക്കിയ ധാരണക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി.
‘‘ചില പ്രസ്താവനകളും അതുസംബന്ധിച്ച ഇന്ത്യൻ മാധ്യമങ്ങളിലെ വാർത്തയും ശ്രദ്ധയിൽപെട്ടു. ഇൗ രീതിയിൽ സംസാരിക്കാൻ അദ്ദേഹത്തെ (റാവത്തിെന) അധികാരപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. ഇത് അദ്ദേഹത്തിെൻറ യാദൃച്ഛിക വാക്കുകളാണോ അതോ, ഇന്ത്യൻ സർക്കാറിെൻറ നിലപാടാണോ? -വിദേശകാര്യ വക്താവ് േചാദിച്ചു.
രണ്ടു ദിവസം മുമ്പ് ഷി ജിൻപിങ്ങും നരേന്ദ്ര മോദിയും ഇരുരാജ്യങ്ങളും ശത്രുക്കളല്ലെന്ന് വ്യക്തമാക്കിയിരുന്നു. ചൈനയുടെ വികസനം ഇന്ത്യ കൃത്യതയോടെയും വിവേകത്തോടെയും നിരീക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷി ജിൻപിങ് മോദിയോട് പറഞ്ഞിരുന്നു. സമാധാനപരമായ സഹവർത്തിത്വവും വിജയത്തിൽ ഉൗന്നിയ സഹകരണവുമായിരിക്കണം രണ്ടു രാജ്യങ്ങളുടെയും ശരിയായ തെരഞ്ഞെടുപ്പ്. പരസ്പരം ബഹുമാനിക്കണമെന്നും ഷിയുടെ വാക്കുകൾ ഉദ്ധരിച്ച് വക്താവ് വിശദീകരിച്ചു.
അതേസമയം, അഭിപ്രായ ഭിന്നതകൾ പരിധിവിടുന്നില്ലെന്ന് ഇരുരാജ്യങ്ങളും ഉറപ്പാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. പരസ്പരം ശത്രുക്കളോ ഭീഷണിയോ അല്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.