അതിർത്തിയിൽ ചൈനയുടെ ഗുണ്ടായിസം തുടരുന്നു; കൂടുതൽ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്​

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ നിർമാണപ്രവർത്തനങ്ങൾ സജീവമെന്ന്​ സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ജിയോ ഇന്‍റലിജൻസ്​ വിദഗ്​ധൻ ഡാമിയൻ സൈമൻ പുറത്തുവിട്ട ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ പങ്കുവച്ചിട്ടുണ്ട്​. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിർമിക്കുന്നതായി ഡാമിയൻപകർത്തിയ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ചൈനയുടെ അതിർത്തിക്കുള്ളിൽ വരുന്ന തടാകത്തിന് കുറുകെ നിർമ്മിക്കുന്ന പാലം, ഇരുകരകളെ ബന്ധിപ്പിക്കുന്നതാണ്​. ഇതോടെ അവശ്യഘട്ടങ്ങളിൽ സൈനികരെയും ആയുധങ്ങളെയും വേഗത്തിൽ ഇപ്പുറത്ത്​ എത്തിക്കാനുള്ള ശേഷി ചൈനക്ക്​ നൽകും. തടാകത്തിന്‍റെ ഇടുങ്ങിയ ഭാഗത്ത് നിർമിക്കുന്ന പാലം ഏതാണ്ട് പൂർത്തിയായതായി സൈമൺ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം, ഇന്ത്യൻ പട്ടാളം പാംഗോങ് തടാകത്തിന്റെ തെക്കേ കരയിലെ പ്രധാന ഭാഗമായ കൈലാഷ് പർവതനിരയിലേക്ക് നീങ്ങിയിരുന്നു. ഇത് സൈന്യത്തിന്​​ പ്രദേശത്തെ ചൈനീസ് സേനയ്ക്ക് മേൽ മുൻതൂക്കം നൽകിയിരുന്നു. പാലം വരുന്നതോടെ തർക്ക പ്രദേശത്തേക്ക് കൂടുതൽ സൈനികരെ എത്തിക്കാൻ ചൈനയ്ക്ക്​ ഒന്നിലധികം റൂട്ടുകൾ ലഭിക്കും.

2020 മുതൽ മേഖലയിൽ വലിയതോതിൽ ഇരുരാജ്യങ്ങളും സൈനിക വിന്യാസം നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള 50,000 സൈനികരെ കിഴക്കൻ ലഡാക്കിൽ ദെപ്‌സാങ് സമതലങ്ങളിൽ നിന്ന് വടക്കോട്ടും ഡെംചോക്ക് മേഖലയിലും വിന്യസിച്ചിട്ടുണ്ട്.


2020 ജൂണിൽ ഗാൽവാൻ നദീതീരത്ത് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി ചൈനയും പറയുന്നു. അതേസമയം ചൈനീസ്​ ഭാഗത്ത്​ 40ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ്​ ഇന്ത്യൻ സൈന്യം പറയുന്നത്​.

ഒരു വർഷത്തിനുശേഷം 2021 ജൂലൈയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 2 കിലോമീറ്റർ പരസ്പരം പിൻവാങ്ങാൻ സമ്മതിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇത്. പുതിയ സംഭവവികാസങ്ങളിൽ സൈനിക വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്​.

ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയതായി കാണിക്കുന്ന വീഡിയോ ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ടെന്നും ഇത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികരഹിത മേഖലയെന്ന കരാർ ലംഘിക്കുന്നില്ലെന്നും സൈനിക വൃത്തങ്ങൾ ദേശീയമാധ്യമത്തോട്​ പറഞ്ഞു.


Tags:    
News Summary - China Builds Bridge Across Ladakh's Pangong Lake That Was Key Flashpoint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.