ന്യൂഡൽഹി: ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് അംഗീകരിക്കില്ലെന്ന ചൈനയുടെ അഭിപ്രായത്തോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ചൈനക്ക് അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും -വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അരുണാചൽ പ്രദേശിനെ സംബന്ധിച്ചും ഇന്ത്യയുടെ നിലപാട് പല തവണ വ്യക്തമാക്കിയതാണ്. ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്തതുമായ ഭാഗമാണ് അരുണാചൽ. ചൈനയുടെ ഉന്നത തലങ്ങളിൽ വരെ ഇക്കാര്യം ഇന്ത്യ വളരെ കൃത്യമായി നിരവധി തവണ അറിയിച്ചതാണ് -വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ 44 പാലങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ വിമർശനമുണ്ടായത്. ഇന്ത്യ അനധികൃതമായി സൃഷ്ടിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്കെന്നാണ് ചൈന അഭിപ്രായപ്പെട്ടത്.
ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യൻ നടപടിയെ അംഗീകരിക്കില്ല. അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ല. സൈന്യത്തിനായി അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാകാതിരിക്കാൻ രണ്ട് പക്ഷങ്ങളും നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.