ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ ജൂണിൽ നടന്ന ഏറ്റമുട്ടലിൽ നാല് ഓഫിസർമാരും സൈനികരും കൊല്ലപ്പെട്ടതായി തുറന്നു സമ്മതിച്ച് ചൈന. ഇന്ത്യക്ക് 20 സൈനികരെ നഷ്ടമായെന്ന് നേരത്തെതന്നെ കേന്ദ്രസർക്കാർ വെളിപ്പെടുത്തിയിരുന്നു.
സത്യം ജനങ്ങൾ അറിയണമെന്നു കരുതിയാണ് വിവരം പങ്കുവെക്കുന്നതെന്നാണ് എട്ടു മാസത്തിനു ശേഷമുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് ചൈനീസ് വിദേശകാര്യ വക്താവ് വിശദീകരിച്ചത്. പരിക്കേറ്റ ഒരു സൈനികൻ അടക്കം അഞ്ചു പേരെ ചൈനീസ് നേതൃത്വം ആദരിച്ചതായി സേനയുടെ ഔദ്യോഗിക പത്രമായ പി.എൽ.എ ഡെയ്ലി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്. അതേസമയം, 45 ചൈനീസ് സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി നേരത്തെ റഷ്യൻ വാർത്ത ഏജൻസിയായ ടാസ് പറഞ്ഞിരുന്നു.
അതിർത്തി പ്രശ്നം ഇന്ത്യ ഉഭയകക്ഷി ബന്ധങ്ങളിൽ ഉചിതമായ സ്ഥാനത്ത് കാണണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യ പ്രധാനപ്പെട്ട അയൽക്കാരാണ്. ആരോഗ്യകരമായ പരസ്പരബന്ധം രണ്ടു ജനതകളും ആഗ്രഹിക്കുന്നുവെന്നും ഇതിന് ചൈനക്കൊപ്പം ഇന്ത്യ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പങോങ് തടാകത്തിെൻറ തെക്ക്, വടക്കു ഭാഗത്തുനിന്ന് ഇന്ത്യ-ചൈന സൈന്യങ്ങളുടെ പിൻമാറ്റം പൂർത്തിയായതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചർച്ച. ശനിയാഴ്ച രാവിലെ 10ന് അതിർത്തി നിയന്ത്രണ രേഖയുടെ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിലാണ് ചർച്ച തുടങ്ങുന്നത്.
കിഴക്കൻ ലഡാക്കിലെ ഹോട്ട്സ്പ്രിങ്, ഗോഗ്ര, ദെപ്സാങ് മേഖലയിലെ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ടാണ് ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.