പട്ന: വിമത നീക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ലോക് ജനശക്തി പാർട്ടിയിൽ, തൻെറ സ്വാധീനം തെളിയിക്കാൻ റോഡ് ഷോയുമായി ചിരാഗ് പാസ്വാൻ എം.പി. ജൂലൈയിൽ പിതാവ് രാംവിലാസ് പാസ്വാൻെറ ജന്മവാർഷികത്തോടനുബന്ധിച്ചാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച അമ്മാവൻ പശുപതി പരാസ് എം.പിയുടെ നേതൃത്വത്തിലാണ് പാർട്ടിയിൽ അട്ടിമറിയുണ്ടായത്. എന്നാൽ, ബിഹാറിലെ വോട്ടുനിലയുടെ ആറ് ശതമാനം വരുന്ന പസ്വാൻ സമൂഹം ചിരാഗിനാണ് പിന്തുണ നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനെ ശക്തിപ്പെടുത്താനാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്. സമുദായം ചിരാഗിനൊപ്പമാണെന്ന് ലാലു പ്രസാദ് യാദവിൻെറ ആർ.ജെ.ഡിയടക്കം നിരീക്ഷിക്കുന്നുണ്ട്.
വിമതനീക്കത്തിന് പിന്നാലെ ചിരാഗ് പാസ്വാൻ എം.പിയെ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഒരാൾ ഒരു പദവി എന്ന നയം പിന്തുടർന്നാണ് വിമത എം.പിമാർ ചിരാഗിനെ അധ്യക്ഷപദവിയിൽ നിന്നും നീക്കം ചെയ്തത്. ദേശീയ അധ്യക്ഷ പദവിക്ക് പുറമേ എൽ.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ്, പാർലമെന്‍ററി ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ ചിരാഗായിരുന്നു വഹിച്ചിരുന്നത്.
വിമതരുടെ നേതാവും ചിരാഗിന്‍റെ പിതൃസഹോദരനും കൂടിയായ പശുപതി കുമാർ പരസായിരിക്കും പാർട്ടിയുടെ പുതിയ അധ്യക്ഷൻ. എന്നാൽ, തന്നെ പുറത്താക്കിയ എം.പിമാരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്താണ് ചിരാഗ് ഇതിന് മറുപടി നൽകിയത്.
കഴിഞ്ഞയാഴ്ചയാണ് ചിരാഗ് പാസ്വാനെ തനിച്ചാക്കി ഒപ്പമുണ്ടായിരുന്ന അഞ്ച് എം.പിമാർ എതിർപക്ഷത്തേക്ക് നീങ്ങിയത്. ലോക്സഭയിൽ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കാൻ അനുമതി തേടിയ വിമതർ, നേതാവായി ഹാജിപൂർ എം.പിയായ പശുപതി കുമാർ പരസിനെ തെരഞ്ഞെടുത്തിരുന്നു. ആകെ ആറ് എം.പിമാരാണ് പാർട്ടിക്കുള്ളത്. ഇതിൽ അഞ്ച് പേരും ചിരാഗിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവർ എൻ.ഡി.എയുടെ ഭാഗമായി പ്രവർത്തിക്കുമെന്നാണ് സൂചന.
മുൻ കേന്ദ്ര മന്ത്രി കൂടിയായ രാംവിലാസ് പാസ്വാന്‍റെ മരണ ശേഷമാണ് മകൻ ചിരാഗ് പാസ്വാൻ എൽ.ജെ.പി നേതൃസ്ഥാനം ഏറ്റെടുത്തത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിന് പല മണ്ഡലങ്ങളിലും കനത്ത തിരിച്ചടി നൽകിയത് എൽ.ജെ.പിയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ സഖ്യം വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാർഥികളെ നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.