ബംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് (ശിരോവസ്ത്രം) വിലക്കിയ മുൻ ബി.ജെ.പി സർക്കാറിന്റെ നടപടി തിരുത്താൻ കർണാടക. ഹിജാബ് വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗക്കാരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനായാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. അതിൽ വിട്ടുവീഴ്ച ചെയ്യുന്ന കാര്യം ഉദിക്കുന്നേയില്ല -സിദ്ധരാമയ്യ വ്യക്തമാക്കി.
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കുകയും സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യുന്നതോടെ കേസിന് അറുതിയായേക്കും. ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈകോടതി വിധിക്കെതിരെ വിദ്യാർഥിനികളുടേതടക്കം 25 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്. ഈ ഹരജികൾക്ക് ആധാരമായ സർക്കാർ ഉത്തരവുതന്നെ പിൻവലിക്കപ്പെടുന്നത് കേസിന് ഗുണകരമാവും. 2021 ഡിസംബറിൽ ഉഡുപ്പി ഗവ. പി.യു കോളജിൽ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദത്തിന്റെ തുടക്കം. 2022 ഫെബ്രുവരി അഞ്ചിന് എല്ലാ കോളജുകളിലും ഹിജാബ് വിലക്കി ബി.ജെപി സർക്കാർ ഉത്തരവിട്ടു. ഇതിനെതിരെ വിദ്യാർഥിനികൾ സമർപ്പിച്ച ഹരജി 2022 മാർച്ച് 15ന് തള്ളിയ കർണാടക ഹൈകോടതി, സർക്കാർ ഉത്തരവ് ശരിവെച്ചു. വിദ്യാർഥിനികൾ നൽകിയ അപ്പീലിൽ മാസങ്ങൾ നീണ്ട വാദപ്രതിവാദത്തിന് ശേഷം 2022 ഒക്ടോബർ 13ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് നിലവിൽ ചീഫ് ജസ്റ്റിസിന് മുന്നിലാണ്. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിടുമെന്ന് കഴിഞ്ഞ ജനുവരിയിൽ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. സുപ്രീംകോടതിയിൽ കേസ് അനന്തമായി നീളവെയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ ഇടപെടലെന്നതാണ് ശ്രദ്ധേയം. അതേസമയം, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതേതരത്വ അന്തരീക്ഷമാണ് കോൺഗ്രസ് ഇല്ലാതാക്കുന്നതെന്നും ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുന്ന നയമാണ് കർണാടകയിൽ അവർ സ്വീകരിക്കുന്നതെന്നും ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പ്രതികരിച്ചു.
മൈസൂരുവിൽ കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രി, കർണാടകയിൽ ഹിജാബ് വിലക്ക് നീക്കുമെന്ന് പ്രസ്താവന നടത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെ, വിലക്ക് ഇതുവരെ നീക്കിയിട്ടില്ലെന്നും നീക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ അക്കാദമിക വർഷത്തിൽതന്നെ അതു നടപ്പാക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, സർക്കാർ തലത്തിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.