ജയ്പൂർ: രാജസ്ഥാനിൽ തിരംഗ് യാത്രക്കിടെ കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. കോൺഗ്രസും ബി.ജെ.പിയും രാജസ്ഥാനെ കൊള്ളയടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായ പാർട്ടിക്ക് വേണ്ടി വോട്ടുചെയ്യണമെന്നും കെജ്രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു.
'കോൺഗ്രസും ബി.ജെ.പിയും രാജസ്ഥാനെ കൊള്ളയടിച്ചു. ഇത്തവണ, സത്യസന്ധമായ ഒരുപാർട്ടിക്ക് വോട്ട് ചെയ്യൂ. എ.എ.പിയെ തെരഞ്ഞെടുക്കൂ, എങ്ങനെയാണ് നല്ല സ്കൂളുകൾ ഉണ്ടാക്കേണ്ടതെന്നും റോഡുകൾ നിർമിക്കേണ്ടതെന്നും ജലവിതരണം നടത്തേണ്ടതെന്നും സൗജന്യമായി വൈദ്യുതിയും ചികിത്സയും നൽകേണ്ടതെന്നും ഞങ്ങൾക്കറിയാം' -കെജ്രിവാൾ പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും ജനങ്ങൾക്ക് വേണ്ടി പോരാടില്ലെന്നും അവർ പോരാടുന്നത് മുഖ്യമന്ത്രി പദത്തിനാണെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ചയാണ് രാജസ്ഥാനിൽ അരവിന്ദ് കെജ്രിവാളിന്‍റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനിന്‍റെയും നേതൃത്വത്തിൽ തിരംഗ് യാത്ര നടന്നത്. സംഗനേരി ഗേറ്റ് മുതൽ അജ്മേരി ഗേറ്റ് വരെയായിരുന്നു യാത്ര. വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് എ.എ.പി തിരംഗ് യാത്ര സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.