ന്യൂഡല്‍ഹി: സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 14 പേർ കൊല്ലപ്പെട്ട കുന്നൂർ ദുരന്തത്തിന് കാരണം ഹെലികോപ്ടർ പെട്ടെന്നുണ്ടായ മേഘത്തിനുള്ളിൽ അകപ്പെട്ടത് മൂലമെന്ന് സൂചന. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
റിപ്പോർട്ടിലെ ഔദ്യോഗിക വിശദീകരണം വ്യോമസേന പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിലെ കണ്ടെത്തലുകൾ എയർ മാർഷൽ മാനവേന്ദ്ര സിങ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് മുമ്പാകെ വിശദീകരിച്ചു. സംഘത്തിന്റെ കണ്ടെത്തലുകളെ മന്ത്രി അഭിനന്ദിച്ചതായി വ്യോമ സേന വൃത്തങ്ങൾ വ്യക്തമാക്കി.
സാങ്കേതിക തകരാർ മൂലമല്ല കോപ്ടർ തകർന്നു വീണത്. മോശം കാലാവസ്ഥ മൂലമുള്ള പിഴവ് (കണ്ട്രോള്ഡ് ൈഫ്ലറ്റ് ഇന്‍ ടു ടെറെയ്ന്‍ അഥവാ സി.എഫ്.ഐ.ടി) ആണ് അപകടത്തിനു കാരണം. വിമാനമോ ഹെലികോപ്ടറോ പൈലറ്റിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കെ തന്നെ പെട്ടെന്നുണ്ടാകുന്ന പ്രതികൂല കാലാവസ്ഥ കാരണം വെള്ളത്തില്‍ പതിച്ചോ പാറക്കെട്ടില്‍ ഇടിച്ചോ കാഴ്ചപരിമിതി കാരണം മറ്റു തടസ്സങ്ങളില്‍ ഇടിച്ചോ ഉണ്ടാകുന്ന അപകടങ്ങളെയാണ് സി.എഫ്.ഐ.ടി വിഭാഗത്തില്‍ പെടുത്തുന്നത്.
അന്വേഷണം കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. നിയമവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് സമർപ്പിക്കും. കഴിഞ്ഞ ഡിസംബർ എട്ടിനാണ് ഊട്ടിയിലെ കുന്നൂരിൽ വ്യോമസേനയുടെ റഷ്യൻ നിർമിത ഹെലികോപ്ടർ തകർന്നു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.