ന്യൂഡൽഹി: സി.ഐ.എ മേധാവി വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സി.ഐ.എ ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോം സ്ഥിരീകരിച്ചതോടെ അജ്ഞാത രോഗം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ബേൺസിനൊപ്പം ഡൽഹിയിലെത്തിയ ഉദ്യോഗസ്ഥൻ ചികിത്സ തേടിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച് വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ മാസം ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വിയറ്റ്നാം സന്ദർശനം റദ്ദാക്കിയിരുന്നു. ഏറെ നാളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊന്നും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 2016ല്‍ ക്യൂബയിലെ ഹവാനയിലുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരിലാണ് ആദ്യമായി ഇതിന്‍റെ ലക്ഷണങ്ങൾ കണ്ടത്. ക്യൂബക്ക് പുറമേ റഷ്യ, ചൈന, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദം
ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികളിലും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ഹവാന സിന്‍ഡ്രേത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇതാണ് രോഗത്തിന് ഹവാന സിന്‍ഡ്രോം എന്ന പേര് വരാൻ കാരണം.
രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് അതിതീവ്രതയിലുള്ള ശബ്ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെട്ടെന്ന് ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഉണ്ടായതായി അവർ സാക്ഷ്യപ്പെടുത്തി.
ഇവക്ക് പുറമേ ഛര്‍ദി, ശക്തമായ തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങള്‍, കേള്‍വിക്കുറവ്, ഓര്‍മ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ചില ഉദ്യോഗസ്ഥർ പെട്ടന്ന് രോഗമുക്തി നേടി. എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകൾ ഏറെനാളായി നീണ്ടുനിന്നു. രോഗലക്ഷണങ്ങള്‍ വിട്ടുപോകാതെയായതോടെ ജോലിയിൽ നിന്ന് വിരമിച്ചവരുമുണ്ട്.
ഹവാന സിന്‍ഡ്രം എന്താണെനും കാരണം കണ്ടെത്താനും പഠനങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും കൃത്യമായ ഉത്തരങ്ങൾ ലഭിച്ചില്ല. റഷ്യൻ ഇന്‍റലിജൻസ് ഏജൻസികളാണ് ആക്രമണത്തിന് പിന്നിലെന്ന വാദത്തിനാണ് മികച്ച പിന്തുണ ലഭിച്ചത്.
മനുഷ്യരുടെ കേള്‍വിശക്തിയുടെ പരിധിക്ക് അപ്പുറമുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സോണിക് ഉപകരണങ്ങളോ എനര്‍ജി ബീമുകളോ ഉപയോഗിച്ച് നടത്തുന്ന രഹസ്യ ആക്രമണമാണ് ഇതെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ സോണിക് തരംഗങ്ങള്‍ക്ക് മനുഷ്യമസ്തിഷ്‌കത്തില്‍ തകരാൾ സൃഷ്ടിക്കാൻ സാധിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ജോലിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ വ്യക്തിജീവിതത്തിലേയോ സമ്മര്‍ദം മൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളാവാം രോഗത്തിന് കാരണമാകുന്നതെന്നാണ് മനഃശാസ്ത്രജ്ഞരുടെ പക്ഷം.
2020 ൽ നാഷനൽ അക്കാദമി ഓഫ് സയൻസസ് രോഗം സംബന്ധിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരു. മൈക്രോവേവ് വികിരണമാണ് ഹവാന സിൻഡ്രോമിന്‍റെ കാരണമെന്നായിരുന്നു റിപ്പോർട്ട്. വൈദ്യശാസ്ത്രത്തിലും മറ്റ് മേഖലകളിലുമുള്ള 19 വിദഗ്ധരുടെ സമിതി 40 ഓളം അമേരിക്കൻ ഉദ്യോഗസ്ഥരുടെ ലക്ഷണങ്ങൾ പരിശോധിച്ചാണ് നിഗമനത്തിൽ എത്തിയത്. നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ് രോഗത്തിന് ഹവാന സിൻഡ്രം എന്നു പേരുവന്നിരുന്നത്. ഇത്തവണ പക്ഷേ, ക്യൂബയെ മുനയിൽനിർത്തുന്നതിന് പകരം റഷ്യക്കെതിരെയാണ് ആരോപണം.
ശത്രുരാജ്യങ്ങൾ പദ്ധതിയിട്ട് തയാറാക്കി നടപ്പാക്കുന്ന രഹസ്യ ആക്രമണമാണ് ഹവാന സിൻഡ്രമെന്ന് അമേരിക്ക കരുതുന്നു. സോണാർ, ലേസർ അല്ലെങ്കിൽ മൈക്രോവേവ് രൂപത്തിലുള്ള ഊർജ്ജ ആയുധങ്ങളാണ് ഇവയെന്നാണ് വിശ്വസിക്കപ്പെടുന്നത്.
റഷ്യക്കെതിരായ പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിലെത്തുന്നു ഉദ്യോഗസ്ഥരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് റഷ്യന്‍ ഗൂഢാലോചനയാണ് പിന്നിലെന്ന് സംശയം ശക്തമായത്. റഷ്യക്ക് മാത്രമേ ഇത്തരത്തിൽ ഒരു ആയുധം ഉപയോഗിച്ച് തങ്ങളെ ആക്രമിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് അമേരിക്ക കരുതുന്നത്. അടുത്ത കാലത്തായി ചൈനയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.