ബംഗളൂരു: നഗരത്തിലെ സ്കൂളിൽ പതിവുപരിശോധനക്കിടെ കുട്ടികളുടെ ബാഗിൽനിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുക്കൾ. സിഗരറ്റ്, കോണ്ടം, മയക്കുമരുന്ന്, വൈറ്റ്നർ മുതലായവയാണ് കുട്ടികളുടെ ബാഗിൽനിന്ന് പതിവായി കണ്ടെത്തുന്നതെന്ന് അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ഇൻ കർണാടക ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. കണ്ടെടുത്തത് മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ഇത്തരം വസ്തുക്കളുമായി പിടികൂടിയ കുട്ടികളെ സ്കൂൾ അധികൃതർ 10 ദിവസം മാറ്റിനിർത്തുകയാണ് ചെയ്തത്. ഇത്തരം വിഷയം രഹസ്യമാക്കി വെച്ചശേഷം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ബംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള സ്കൂളുകളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്ടവും മയക്കുമരുന്നും പത്താംക്ലാസിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാഗിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറിയ കുട്ടികൾപോലും മയക്കുമരുന്ന് ഇടപാടിന് കണ്ണിയാവുകയാണ്. വിഷയം ഉന്നതതല കമ്മിറ്റിയുടെ അടുത്തെത്തിയാൽ ആവശ്യമായ മറ്റു വിവരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.