ന്യൂഡൽഹി: മാലദ്വീപിൽ സിനിമകൾ ഷൂട്ട് ചെയ്യുന്നത് നിർത്തണമെന്ന് ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരോട് സിനി വർക്കേഴ്സ് അസോസിയേഷൻ. അവധിക്ക് ആരും മാലദ്വീപിലേക്ക് പോകരുതെന്നും സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ പറഞ്ഞു. ഇന്ത്യ-മാലദ്വീപ് തർക്കത്തിനിടയിലാണ് സിനി വർക്കേഴ്സ് അസോസിയേഷന്റെ ആഹ്വാനം.
മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ തങ്ങളുടെ ദ്വീപുകളിൽനിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് സർക്കാർ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച പ്രധാനമന്ത്രിക്കെതിരെ ചില മാലദ്വീപ് മന്ത്രിമാർ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചിരുന്നു.
മാലദ്വീപ് മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന, അബ്ദുല്ല മഹ്‌സൂം മജീദ് എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിക്കുകയും ചെയ്തത്. ഇതിനുപിന്നാലെയാണ് ഇന്ത്യയും മാലിദ്വീപും തമ്മിൽ നയതന്ത്ര തർക്കം ഉടലെടുത്തത്.
തുടർന്ന് മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സൈന്യത്തെ ദ്വീപ് രാഷ്ട്രത്തിൽനിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി മാലദ്വീപ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ, ഡോർണിയർ 228 മാരിടൈം പട്രോൾ വിമാനവും രണ്ട് എച്ച്.എ.എൽ ധ്രുവ് ഹെലികോപ്റ്ററുകളും 70 ഓളം ഇന്ത്യൻ സൈനികരും മാലദ്വീപിലുണ്ട്.
അധികാരമേറ്റ് രണ്ടാം ദിവസം തന്നെ മാലദ്വീപിൽനിന്ന് സൈനികരെ പിൻവലിക്കാൻ മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയുമായുള്ള ചർച്ചക്ക്ശേഷം ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള ധാരണയിലെത്തിയതായും മുയിസു അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.