ഉദ്യോഗസ്ഥർക്ക് മൊബൈലിൽ പ്രതിഷേധ സന്ദേശം അയച്ചതിന് കേസെടുക്കരുത് -ബോംബെ ഹൈകോടതി

മുംബൈ: സർക്കാർ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണിൽ പ്രതിഷേധ സന്ദേശം അയക്കുന്നവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈകോടതി. മഹാരാഷ്ട്ര സർക്കാറിനെതി​രെ അവിജിത് മൈക്കിൾ എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സുനിൽ ഷുക്രേ, എംഎം സതയെ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

മുംബൈ മെട്രോ റെയിലിന് കാർ ഷെഡ് നിർമിക്കാൻ നഗരത്തിലെ 3500 മരങ്ങൾ മുറിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈ മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ അശ്വിനി ഭിഡെക്ക് അവിജിത് മൈക്കിൾ സന്ദേശമയച്ചിരുന്നു. ഇതിനെതിരെ അവിജിത്തിനെ പ്രതിയാക്കി ഐ.പി.സി 186 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അശ്വിനി ഭിഡെയ്ക്ക് വേണ്ടി മറ്റൊരാളാണ് പരാതി നൽകിയത്. എന്നാൽ, കേസെടുത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവിജിത് കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി തീർപ്പാക്കിയ ബെഞ്ച് എഫ്.ഐ.ആർ റദ്ദാക്കാൻ ഉത്തരവിട്ടു.

സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ മുംബൈ നഗരത്തിന് ശ്വാസകോശം പോലെ പ്രവൃത്തിക്കുന്ന ആരേ കോളനിയിലെ പച്ചപ്പ് നിലനിർത്താൻ വേണ്ടിയാണ് അവിജിത് മൈക്കിൾ സന്ദേശം അയ​ച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

"വനം സംരക്ഷിക്കുക മാത്രമാണ് ഹർജിക്കാരന്റെ ഉദ്ദേശ്യം. ഈ സന്ദേശങ്ങളിൽ അപകീർത്തികരമായതോ അശ്ലീല പരാമർശങ്ങളോ അടങ്ങിയിട്ടില്ല. പകരം, ഈ രാജ്യത്തെ പൗരന്റെ വീക്ഷണം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും പ്രേരിപ്പിക്കാനുമുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിന് ഹരജിക്കാരനെതിരേ രജിസ്റ്റർ ചെയ്‌തതുപോലുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നത് രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കും’ -ഉത്തരവിൽ പറയുന്നു.

ഇത്തരം പ്രതിഷേധങ്ങളുടെ പേരിൽ രാജ്യത്തെ സാധാരണ പൗരന് നേരെ ക്രിമിനൽ നിയമപ്രകാരം  കേസെടുക്കരുതെന്ന് ​പൊലീസിന് കോടതി നിർദേശം നൽകി. ‘തെറ്റാണെന്ന് തോന്നു​ന്ന കാര്യങ്ങൾക്കെതിരായ പൗരൻമാരുടെ ശബ്ദം അടിച്ചമർത്തുന്നതിന് തുല്യമായിരിക്കും ഇത്തരം കേസുകൾ. സമൂഹത്തിന്റെ ഉത്തമതാൽപര്യത്തിനായി മരങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് സന്ദേശം അയച്ചയാളെന്ന് അദ്ദേഹം അയച്ച സന്ദേശങ്ങൾ വായിച്ചാൽ മനസ്സിലാകും. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം’ -കോടതി പോലീസിന് മുന്നറിയിപ്പ് നൽകി.

കബ്ബൺ പാർക്ക് ബാംഗ്ലൂരിന് പച്ച ശ്വാസകോശമാണെന്നത് പോലെ മുംബൈക്ക് ആരെ കോളനിയി​ലെ പച്ചപ്പ് ശ്വാസകോശമാണെന്ന് അവിജിത് അയച്ച സന്ദേശത്തിൽ പറയുന്നു. അതിനാൽ, മെട്രോ കാർ ഷെഡ് നിർമ്മിക്കുന്നതിനായി 3,500 മരങ്ങൾ മുറിക്കുന്നത് നഗരത്തിന്റെ പച്ചപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും അസ്വസ്ഥത അനുഭവപ്പെട്ടുവെന്നുമായിരുന്നു മെട്രോ എം.ഡി അശ്വിനി ഭിഡെയുടെ പ്രതികരണം.

മുതിർന്ന അഭിഭാഷക ഗായത്രി സിങ്, അഭിഭാഷകരായ വിജയ് ഹിരേമത്ത്, സൂര്യ കാലെ എന്നിവർ അവിജിത് മൈക്കിളിനുവേണ്ടി ഹാജരായി. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. ശാസ്തയും പരാതിക്കാരന് വേണ്ടി അഭിഭാഷകരായ വിജയ് ഗോഡിയ, രാകേഷ് സാവന്ത് എന്നിവരും ഹാജരായി.

Tags:    
News Summary - Citizen sending protest messages to mobile phone of official cannot be booked: Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.