ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടും അതിന്റെ ഉറവിടവും അറിയാൻ പൗരന്മാർക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. സംഭാവന നൽകുന്നവർ ആരെന്ന് രഹസ്യമാക്കുന്ന പദ്ധതി ശുദ്ധമായ പണം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിക്കാനുണ്ടാക്കിയതാണെന്നും നികുതി വ്യവസ്ഥകൾക്ക് വിധേയമായതിനാൽ അതിൽ നിയമലംഘനമില്ലെന്നും കേന്ദ്രം അവകാശപ്പെട്ടു.
പാർട്ടികൾക്ക് ഫണ്ട് നൽകുന്നവരുടെ പേരുകൾ രഹസ്യമാക്കി വെക്കുന്ന ഇലക്ടറൽ ബോണ്ടുകൾക്കെതിരായ കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് കേന്ദ്ര സർക്കാറിന്റെ നിലപാട് അറിയിച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കേൾക്കണമെന്ന ആവശ്യം പരിഗണിച്ച് ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച കേസ് കേൾക്കാനിരിക്കേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ഭരണഘടനയുടെ 19(1)എ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ട് സംബന്ധിച്ച വിവരമറിയാനുള്ള അവകാശം പൗരന്മാർക്ക് നൽകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരാഗയ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ്ബി പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് എ.ജി സമർപ്പിച്ച പ്രസ്താവനയിൽ ബോധിപ്പിച്ചു.
ആവശ്യമായ നിയന്ത്രണങ്ങളില്ലാതെ എല്ലാ കാര്യവും അറിയാൻ പൊതുവായൊരു അവകാശം പൗരനില്ല. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയാനുള്ള ഉയർത്തിപ്പിടിച്ച സുപ്രീംകോടതി വിധി പാർട്ടികളുടെ ഫണ്ട് സംബന്ധിച്ചുള്ള വിവരങ്ങളുമായി ബന്ധിപ്പിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അറിയാനുളള അവകാശം നൽകുന്ന ഭരണഘടനയുടെ 19(1)എ അനുഛേദവുമായും അതിനെ ബന്ധിപ്പിക്കരുത്. ഇലക്ടറൽ ബോണ്ടുകൾ പൗരന്റെ ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങളെ ഹനിക്കുന്നില്ല. അതിനാൽ പദ്ധതി നിയമവിരുദ്ധമാണെന്ന് പറയാനാവില്ല. നിയമവിരുദ്ധമല്ലാത്ത ഒരു നിയമനിർമാണം കോടതിക്ക് റദ്ദാക്കാനുമാവില്ല. മെച്ചപ്പെട്ടതാക്കാനോ വ്യത്യസ്തമാക്കാനോ വേണ്ടി സർക്കാർ നയങ്ങൾ സൂക്ഷ്മപരിശോധന നടത്താൻ കോടതിക്ക് അധികാരമില്ലെന്നും എ.ജി ബോധിപ്പിച്ചു.
റിസർവ് ബാങ്ക് നിയമം, കമ്പനി നിയമം, ആദായ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവനാ നിയന്ത്രണ നിയമം എന്നീ പ്രധാന നാലു നിയമങ്ങൾ ഒരുമിച്ച് ഭേദഗതി ചെയ്ത് 2017ൽ പുതിയ ധന നിയമം പാസാക്കിയാണ് സംഭാവന ചെയ്യുന്നവരുടെ രഹസ്യമാക്കി വെകകുന്ന ‘ഇലക്ടറൽ ബോണ്ട്’ സമ്പ്രദായം മോദി സർക്കാർ തുടങ്ങിയത്.
1,000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ വിലയിട്ട ബോണ്ടുകളായി സംഭാവന നൽകുന്ന രീതിയിൽ ആരാണ് സംഭാവന നൽകിയത് എന്ന് വെളിപ്പെടുത്താൻ പാർട്ടികൾ ബാധ്യസ്ഥമല്ല. ബോണ്ടിൽ സംഭാവന നൽകിയയാളുടെ പേരുണ്ടാവുകയുമില്ല. കോമൺ കോസ്, എ.ഡി.ആർ തുടങ്ങിയ സർക്കാറേതര സന്നദ്ധ സംഘടനകളാണ് പദ്ധതി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത്.
2017ൽ സമർപ്പിച്ച ഹരജികൾ ഇനിയും തീർപ്പാക്കാത്ത സുപ്രീംകോടതി 2021ൽ കേസ് പരിഗണിച്ചപ്പോൾ സ്റേറ നൽകാനും വിസമ്മതിച്ചിരുന്നു. എന്നാൽ ‘വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്’ ഈ മാസം 16നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.