ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. 2019ൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്യാൻ മോദി സർക്കാറിന് നാല് വർഷവും മൂന്ന് മാസവും എടുത്തു. സമയബന്ധിതമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി, സി.എ.എ വിജ്ഞാപനം പുറത്തിറക്കാനെടുത്ത സമയം നുണകളുടെ തെളിവാണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
‘ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുറത്തിറക്കിയതിന്റെ ലക്ഷ്യം ധ്രുവീകരണമാണ്. പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും അസമിലും. നാല് വർഷം മുമ്പ് പാർലമെന്റ് പാസാക്കിയ സി.എ.എ നിയമം ഇപ്പോൾ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചത് ഇലക്ടറൽ ബോണ്ടിനെകുറിച്ച് സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കൂടിയാണ്’ -ജയറാം രമേശ് വ്യക്തമാക്കി.
ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2014 ഡിസംബർ 31നുമുമ്പ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് നിയമപ്രകാരം പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമായി.
2019ലാണ് നിയമം പാർലമെന്റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. കോവിഡ് മഹാമാരിയും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.